മരങ്ങള്‍ക്കിടയിലേക്ക്...
തുളസിയുടെ ബ്ലോഗ് കണ്ടപ്പോഴാണ് എനിക്കും വേണം അത്തരം ഒരു ടെംപ്ലേറ്റ് എന്ന് തോന്നിയത്. ഓരോ അത്യാഗ്രഹങ്ങള്‍! അവന്റെ പോലെ ചിത്രങ്ങളെടുക്കാന്‍ ഞാന്‍ തലകുത്തി മറിഞ്ഞാലും സാധിക്കില്ല. ചിത്രങ്ങള്‍ക്ക് അവനെഴുതുന്നപോലെ നല്ല അടിക്കുറിപ്പുകളെഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഞാന്‍ അസൂയകൊണ്ട് മൂക്ക് ചൊറിഞ്ഞു. അതുകൊണ്ട് ആ ടെംപ്ലേറ്റെങ്കിലും അടിച്ചുമാറ്റണം എന്ന ആഗ്രഹം കലശലായി. ഉടനെ അവനെ ഫോണില്‍ വിളിച്ചു.
അപ്പോള്‍ കക്ഷി കാസര്‍കോട് ടൈഫോയ്‌ഡിന്റെ പിടിയില്‍. കുറച്ചുദിവസം ക്ഷമിച്ചു. പിന്നേം വിളിച്ചു. അപ്പോഴും ടൈഫോയ്‌ഡ്. ഒടുവില്‍ ആ രോഗക്കിടക്കയിലും അവനെ ബുദ്ധിമുട്ടിച്ച് ഞാന്‍ സൂത്രങ്ങള്‍ ഒന്നൊന്നായി മനസ്സിലാക്കി. ആവശ്യക്കാര്‍ ഔചിത്യത്തിന്റെ കാര്യത്തില്‍ പണ്ടേ ഇങ്ങനെയാണല്ലോ.
അങ്ങനെ ഞാനും സംഘടിപ്പിച്ചു ഒരു തുളസി മോഡല്‍ ടെംപ്ലേറ്റ്. ഇതില്‍ ചിത്രങ്ങള്‍ മാത്രം നിക്ഷേപിക്കാം എന്ന് തീരുമാനിച്ചു. എഴുത്തൊക്കെ വല്ലാതെ ബോറടിച്ചുതുടങ്ങി. അതുകൊണ്ട്... പുതിയൊരു ബ്ലോഗുതന്നെ തുടങ്ങിക്കളയാം എന്ന് കരുതി.
അങ്ങനെ
മരങ്ങള്‍ക്കിടയിലേക്ക് തുടങ്ങി.
കയറിനോക്കൂ...
www.andintothetrees.blogspot.com
Labels: malayalam blogs
മുമ്പേ പറക്കുന്ന ബിഷപ്പ്, അമ്പേ പിറക്കുന്ന ക്‌ടാങ്ങള്‍
ഉള്ളതു പറയണമല്ലോ. ഞങ്ങള്‍ പുതുക്കാട്ടുകാരുടെ മാത്രമല്ല തൃശ്ശൂര്‍ക്കാരുടെ മൊത്തം, അഭിമാനതാരമാണ് ബിഷപ്പ് ആന്‍ഡ്ര്യൂസ് താഴത്ത് തിരുമേനി. അതിരൂപതയില്‍ ഇതുവരെക്കാണാത്ത തരം ഉശിരാണ് സഖാവിന്റെ തുറുപ്പുഗുലാന്‍. പേരില്‍ താഴത്താണെങ്കിലും അങ്ങ് ഉയരത്തില്‍ കര്‍ത്താവിനേക്കാള്‍ മേലോട്ടാണ് തിരുമേനിയുടെ പുറപ്പാട്.
സംശയമുണ്ടെങ്കില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കേരളത്തില്‍ നടന്നിട്ടുള്ള രാഷ്‌ട്രീയ വിവാദങ്ങള്‍ റിവേഴ്‌സ് മോഡില്‍ നോക്കിയാല്‍ മതി. അതിന്റെയെല്ലാം ആര്‍ക്കൈവ്‌സില്‍ ആദ്യത്തെ എന്‍ട്രി താഴത്ത് തിരുമേനിയുടേതാവും.
സമരത്തിന്റെ ദൈവവിളിവിമോചനസമരത്തിനായുള്ള ദൈവവിളി വന്നുവീണത് തുരുമേനിയുടെ തിരുശിരസ്സിലായിരുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇരുന്ന് മൂരി നിവര്‍ത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്നാറും ഭൂമി കയ്യേറ്റം ഒഴിപ്പിക്കലുമൊക്കെയായി 57ലെ ഇ എം എസ് മന്ത്രിസഭയുടെ ക്ലോണ്‍ ആണ് തന്റേതെന്ന് വി എസ് നീട്ടിവലിച്ച് പറഞ്ഞുതീര്‍ന്നപ്പോഴേക്കും താഴത്ത് തിരുമേനി വെടിമുഴക്കി.
വി എസിന്റേത് രണ്ടാം ഇ എം എസ് മന്ത്രിസഭയെങ്കില്‍ സഭയുടെ വക രണ്ടാം വിമോചനസമരവുമാകട്ടെ. കുഞ്ഞാടുകളെ തെരുവിലിറങ്ങുവിന്‍!
രണ്ടാം ഇ എം എസ് മന്ത്രിസഭ പോലെ, രണ്ടാം ഭൂപരിഷ്‌കരണം പോലെ, രണ്ടാം വിമോചനസ്വപ്‌നങ്ങളും വെറും ഉഡായിപ്പ് പരിപാടിയായിപ്പോയി. (ചരിത്രം ആവര്‍ത്തിക്കുന്നു. ആദ്യം ഒരു ട്രാജഡിയായും പിന്നീട് ഒരു അസംബന്ധനാടകമായും എന്ന് പറഞ്ഞത് മാര്‍ക്‌സ് ആണോ? മാര്‍ക്‌സിനെ ഉദ്ധരിച്ചാല്‍ സഭ ഒന്നടങ്കം ഉദ്ധരിച്ചിങ്ങോട്ട് വരുമെന്നതിനാല്‍ ആ ചോദ്യം ഞാന്‍ ഇതിനാല്‍ വിഴുങ്ങിക്കൊള്ളുന്നു. ആമെന്‍)
എന്തായാലും രണ്ടാം വിമോചനസമരം സഭയെ ആകെയൊന്ന് ത്രസിപ്പിച്ചുകളഞ്ഞു. നിത്യകുര്‍ബാനയും പോപ്പിന്റെ ദൈനംദിന മാപ്പുപറച്ചിലും മാത്രം ആസ്വദിക്കാന്‍ വിധിക്കപ്പെട്ട കെ സി വൈ എം കാര്‍ക്കും അല്‍മായര്‍ക്കും ഒരു ചൂരും ചുണയുമൊക്കെ വന്നു. കന്യാസ്‌ത്രീമഠങ്ങളില്‍ നിന്നും കര്‍ത്താവിന്റെ മണവാട്ടിമാര്‍ വിമോചനസമരവുമായി നഗരം ചുറ്റി. മുദ്രാവാക്യം വിളിയില്ലെങ്കിലും വിമോചനസമരത്തിനായി അവര്‍ പലതവണ കൊന്തയെത്തിച്ചു.
അധികം കളിച്ചാല്‍ ചുവപ്പന്‍മാര്‍ കുറുമാലിപ്പുഴ കടന്ന് വടക്കോട്ട് കയറില്ലെന്ന ബിഷപ്പിന്റെ പ്രസ്‌താവന കേട്ട് ദേ എന്റെ രോമങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് സെല്യൂട്ട് അടിച്ചു. (കുറുമാലിപ്പുഴയെന്നത് പുതുക്കാട്ടുകാരുടെ ദേശീയ നദിയാണ്. പാലമുണ്ട്. അത്യാവശ്യം നീന്തലറിയുന്നവര്‍ക്ക് അതാവാം. )
പാഠം ഒന്ന്, പാഠപുസ്തകംവിമോചനസമരപ്രഖ്യാപനത്തിന് ശേഷം താഴത്ത് തിരുമേനി വീണ്ടുമെത്തുന്നത് രണ്ടാം മുണ്ടശ്ശേരിയുടെ ഏഴാംക്ലാസ് പാഠപുസ്‌തകത്തിനെതിരായിട്ടായിരുന്നു. ഇക്കാര്യത്തിലും ആദ്യത്തെ വെടി പൊട്ടിച്ചത് താഴത്ത് ബിഷപ്പ് തന്നെ. പാഠപുസ്‌തകത്തില്‍ മതവിരുദ്ധതയുണ്ടെന്നും അത് പഠിപ്പിക്കണോ എന്ന് ആലോചിക്കേണ്ടിവരുമെന്നും പൊതുവേദിയില്‍ ആദ്യം പ്രസംഗിച്ചത് താഴത്ത് തിരുമേനിയാണ്. അത് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് യു ഡി എഫ് അതിബുദ്ധികള്‍ക്ക് സംഗതിയുടെ സാധ്യത മനസ്സിലായത്. എന്തായാലും പാഠപുസ്‌തകവിവാദം നിന്നു കത്തി. തൃശ്ശൂര്‍ അതിരൂപതയിലെ കുഞ്ഞാടുകളെ തെരുവിലിറക്കി തിരുമേനി സമരത്തില്‍ മുന്നിലിറങ്ങി.
നാമൊന്ന് നമുക്ക് നൂറ്സഭയുടെ വരാനിരിക്കുന്ന കാലം പ്രതിഷേധ പ്രകടനങ്ങളുടെയും തെരുവുസമരങ്ങളുടെയും സുവര്‍ണയുഗമായിരിക്കുമെന്ന് ബിഷപ്പ് തിരുമേനിയും ഇടയന്മാരും മുന്‍കൂട്ടി കണക്കാക്കുന്നു. അതുകൊണ്ട് തെരുവുനിറയ്‌ക്കാന്‍ കൂടുതല്‍ ആളെ വേണം. ഔട്ട്‌സോഴ്‌സിങ് കൊണ്ടും കന്യാസ്‌ത്രീകളെ തെരുവിലിറക്കിയും എത്ര കാലം സമരമുഖത്ത് തുടരും? മാത്രവുമല്ല വോട്ട് ബാങ്ക് രാഷ്‌ട്രീയം കുറെക്കൂടി ശക്തമാക്കാന്‍ സഭയ്‌ക്ക് ഇനിയും കുഞ്ഞാടുകള്‍ എമ്പിടി വേണം. മാര്‍ഗ്ഗം കൂടലും മാമൂദീസയുമൊന്നും പണ്ടെപ്പോലെ ഫലിക്കുന്നില്ല. അപെക്‌സ് അള്‍ട്ടിമ തന്നെ ശരണം. ഒടുവില്‍ സഭ വിശ്വാസികളോട് ഇപ്രകാരം അരുളിച്ചെയ്‌തു. നിങ്ങള്‍ സ്വയം കൃഷിനിലങ്ങളാകുവിന്‍, കൂടുതല്‍ വിള ഉല്‍പ്പാദിപ്പിക്കുവിന്‍.
കൂടുതല്‍ കുട്ടികള്‍,കൂടുതല്‍ സുരക്ഷ എന്ന് പ്രഖ്യാപിക്കുന്ന ബോര്‍ഡ് താഴത്ത് തിരുമേനിയുടെ സ്വന്തം ജൂബിലി മിഷന്‍ ഹോസ്‌പിറ്റലിന് മുമ്പില്‍ തൂങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതായി. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണമെന്ന് കെ സി ബി സി ആവശ്യപ്പെടുന്നതിന് മുമ്പെ തന്നെ ഇരിങ്ങാലക്കുട സിനഡ് അത്തരമൊരു ആഹ്വാനം നല്‍കിയിരുന്നു. തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ക്‌ടാവൊന്നിന് ഇത്ര വെച്ച് സഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിനൊക്കെ എത്രയോ നാള്‍ കഴിഞ്ഞാണ് കെ സി ബി സിക്ക് ഈ ബുദ്ധി ഉദിക്കുന്നത്!
ഇതാണ് ഉരുളയ്‌ക്ക് ഒരുവായ എന്ന് പറയുന്നത്. ഇടതുസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി മനസ്സില്‍ കാണുന്നതിനും അതിന്റെ ഭാഗമായി പോത്തുകച്ചവടം തുടങ്ങിയ കലാപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും മുമ്പുതന്നെ ബിഷപ്പ് സംഗതി മണത്തു. വാല് പൊക്കുന്നത് കണ്ടാലറിഞ്ഞുകൂടെ കാളയ്‌ക്ക് മറ്റേതിന്റെ സൂക്കേടാണെന്ന്.... ഏത്? അവര് നികത്തിയ പാടത്ത് മണ്ണിട്ട്, കിളച്ചുമറിച്ചുവിതച്ചുവിരിച്ചുവിളഞ്ഞതുകുത്തിച്ചേറി വരുമ്പോഴേക്കും നമ്മള് കത്തോലിക്കര് ആഞ്ഞുപിടിച്ച് ജനമങ്ങ് പെരുക്കും. ചേടത്തിമാര്‍ പെറ്റുകൂട്ടുന്നത് കണ്ടാല്‍ മറ്റ് സമുദായക്കാര്‍ വെറുതെയിരിക്കുമോ? മതമുള്ള ജീവനുകള്‍ ചറപറാ പിറക്കും. സര്‍ക്കാരിന് തലവേദന പെരുക്കും.
സഭയ്‌ക്കോ..? സ്വാശ്രയക്കോളെജുകളില്‍ കൂടുതല്‍ സീറ്റ്, കൂടുതല്‍ കുട്ടികള്‍, കൂടുതല്‍ പണം.
മിഷന്‍ ഹോസ്‌പിറ്റലുകളില്‍ കൂടുതല്‍ പ്രസവവാര്‍ഡുകള്‍, കൂടുതല്‍ സിസേറിയന്‍ കൂടുതല്‍ പണം.
കുട്ടികള്‍ക്ക് കരപ്പന്‍ മുതല്‍ വയറിളക്കം വരെ.. ആശുപത്രികളില്‍ എന്നും റെക്കോഡ് കൊയ്‌ത്ത്.
കൂടുതല്‍ മാമോദീസകള്‍, കൂടുതല്‍ വിവാഹവെഞ്ചെരിപ്പുകള്‍, കെ സി വൈ എമ്മില്‍ കൂടുതല്‍ യുവാക്കള്‍. മഠങ്ങളില്‍ കൂടുതല്‍ കന്യാസ്‌ത്രീകള്‍.
കൂടുതല്‍ ക്രിസ്‌ത്യാനി മരണങ്ങള്‍. കൂടുതല്‍ കല്ലറകള്‍. ഓരോ കല്ലറയ്‌ക്കും മിനിമം പതിനയ്യായിരം വെച്ച് കണക്കുകൂട്ടിയാല്‍ തന്നെ പള്ളികളുടെ വരുമാനം സ്വര്‍ഗം തുളയ്‌ക്കും.
ഇതൊരു മ്യൂച്വല്‍ഫണ്ടാണ് കുഞ്ഞാടുകളെ. നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുക. സഭയില്‍ നിക്ഷേപിക്കുക. സഭ നിങ്ങളോടൊപ്പമുണ്ട്. ആമെന്‍. (please read the offer document carefully before investing!)
Labels: christian church in kerala
81 സെന്റും പ്രതാപികളായ പിതൃക്കളും ചുളുവിലയ്‌ക്ക്: ഈന്തപ്പന റിയല്‍ എസ്റ്റേറ്റ്
തൃശ്ശൂരില്‍ കുന്ദംകുളത്തിനടുത്ത് കരിയാട് എന്ന മനോഹരമായ പ്രദേശം. മനോഹരമായ നെല്‍പാടത്തോട് ചേര്‍ന്നുള്ള എണ്‍പത്തിയൊന്ന് സെന്റ് കവുങ്ങിന്‍ തോട്ടം. അടുത്തുതന്നെ ഒഴുകുന്ന കരിയാട് പുഴയിലെ തണുത്തവെള്ളത്തില്‍ ഒരുതവണ കാലെടുത്തുവെച്ചാല്‍ രണ്ടാമതൊന്ന് അങ്ങനെ ചെയ്യണമെന്ന് തോന്നിയാല്‍ നടക്കില്ലെന്നാണ് കേള്‍വി. കഥയിലെ എണ്‍പത്തിയൊന്ന് സെന്റിനോട് ചേര്‍ന്നുള്ള സ്ഥലവും ഇപ്പറയുന്ന സ്ഥലവും ഒന്നായിരുന്ന കാലം ഉണ്ടായിരുന്നു. ഇതില്‍ കാരണവര്‍മാരെ കുടിയിരുത്തിയ ഒരു കാവും ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട്.)
കാവുള്‍പ്പെടെയുള്ള സ്ഥലം നേരത്തെ ഒരാള്‍ക്ക് വിറ്റു. നാട്ടില്‍ പരക്കുന്ന വാര്‍ത്തയനുസരിച്ച് വാങ്ങിച്ചയാള്‍ മുടിഞ്ഞുപോയി. അയാളത് മറിച്ചുവിറ്റു. ഇത്തവണ വാങ്ങിയ ആള്‍ക്കും ഗതി അധോ. കിട്ടിയ കാശിന് പറമ്പ് പിന്നെയും മറിഞ്ഞു. ഇത്തവണ കൈയ്യില്‍ കിട്ടിയ ഭാഗ്യശാലിക്ക് നിര്‍ഭാഗ്യം കൊണ്ട് നില്‍ക്കപ്പൊറുതിയില്ലാതായി. ഇത്രയുമായപ്പോഴേക്കും നാട്ടില്‍പ്പാട്ട് ഉച്ചത്തിലായി. `സഞ്ചാരമുള്ള സ്ഥലമാണ്, അതുകൊണ്ടാണ് ആരും ഗതിപിടിക്കാത്തത്!'
എന്ത് വിലയ്‌ക്ക് കൊടുത്താലും വാങ്ങാനാളില്ലാതായി. റിയല്‍ എസ്റ്റേറ്റ് ക്ലാസ്സിഫൈഡ്‌സില്‍ പരസ്യം കൊടുത്ത് കാശുപോയതും കാത്തിരുന്നതും മിച്ചം. ഒടുവില്‍ നിര്‍ഭാഗ്യശാലിയായ ഉടമയുടെ മകന് കടുത്ത ഒരു ബുദ്ധി തോന്നി. സ്ഥലം തൃശ്ശൂരിലെ ബ്ലേഡ് കമ്പനിയില്‍ പണയം വെച്ചു. ബ്ലേഡുകാരോട് പേശി പരമാവധി കാശ് വാങ്ങിച്ചെടുത്തു. ആ പ്രദേശത്തെ ഏകദേശം വില ഊഹിച്ചുനോക്കിയ ബ്ലേഡുകാര്‍ നല്ല തുക തന്നെ നല്‍കി. ഒടുവില്‍ ഇടപാടുകാരന്‍ പണമടക്കാതായി, ജപ്‌തിയായി. ഉടമ സസന്തോഷം ബ്ലേഡുകാരന് സ്ഥലം കൈമാറുകയും ഹാവൂൂൂ.... എന്ന് നാട്ടുകാര്‍ കേള്‍ക്കെ നെടുവീര്‍പ്പിടുകയും ചെയ്‌തു. ബ്ലേഡുകാര്‍ ഇപ്പോള്‍ നെഞ്ചത്തടിയും നിലവിളിയുമായി..... (അല്ലെങ്കിലും അവര്‍ക്കതുവേണം!)
ഇനി തൊട്ടടുത്ത് കിടക്കുന്ന എണ്‍പത്തിയൊന്ന് സെന്റ് സ്ഥലത്തേക്ക്. സഞ്ചാരം നടക്കുന്ന കാവ് മുമ്പ് ഉണ്ടായിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ഈ സ്ഥലത്തും `സഞ്ചാരം' ഉണ്ടെന്ന് നാട്ടുകാര്‍. വില്‍ക്കാന്‍ പഠിച്ച പണി പലതും നോക്കിയിട്ടും സഞ്ചാരവും പിതൃക്കളും പിന്‍തുടര്‍ന്നു. കാവിന് ചുറ്റുമുള്ള നാല് സെന്റ് വീതം നാല് പ്ലോട്ടുകള്‍ സൗജന്യമായി ഭൂരഹിതര്‍ക്ക് നല്‍കാമെന്ന് കാണിച്ച് ഉടമ പത്രത്തില്‍ പരസ്യം നല്‍കി. സൗജന്യഭൂമി വിതരണത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ ഒരു ഭൂരഹിതന്‍ കരിയാട് ബസ് സ്റ്റോപ്പിലിറങ്ങി നേരെ ടി സ്ഥലത്തേക്കുള്ള മുന്നൂറ് മീറ്റര്‍ നടക്കുന്നതിനിടയില്‍ സഞ്ചാരത്തെക്കുറിച്ചുള്ള വിവരവും അനുബന്ധകഥകളും അയാള്‍ അറിയുകയും കിട്ടിയ ബസിന് തിരിച്ചുപോവുകയും ചെയ്‌തു. സഞ്ചാരം പരിപാടി തുടരുന്നു.
പതിനാറായിരം മുതല്‍ ഇരുപതിനായിരം രൂപവരെ സെന്റിന് സ്ഥലവിലയുള്ള ആ പ്രദേശത്ത് അയ്യായിരത്തില്‍താഴെ വിലയ്‌ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടും എണ്‍പത്തിയൊന്ന് സെന്റ് കമുകിന്‍ തോട്ടം ആര്‍ക്കും വേണ്ടാതെ കിടക്കുന്നു. സുഹൃത്തുക്കളേ എണ്‍പത്തിയൊന്ന് സെന്റിനൊപ്പം രസികന്‍മാരായ പിതൃക്കളേയും ഒറ്റയടിക്ക് ചുളുവിലയ്‌ക്ക് വാങ്ങുവാനുള്ള സുവര്‍ണ്ണാവസരമാണിത്. വേഗമാവട്ടെ.
.....................
സംശയിക്കേണ്ട, ഇത് കേരളം തന്നെ!
Labels: general, kerala, real estate