ഈന്തപ്പന
Friday, August 24, 2007
 
സുഹൃത്തേ, താങ്കള്‍ പറഞ്ഞതാണ്‌ ശരി

എന്റെ ഇന്നലത്തെ പോസ്‌റ്റിന്‌ (തലയില്ലാത്ത കോഴികള്‍) ഒരു അമേരിക്കന്‍ മലയാളി കമെന്റ്‌ ഇട്ടിരുന്നു. കമന്റ്‌ മെയിലില്‍ ലഭിച്ചുവെങ്കിലും ബ്ലോഗില്‍ നിന്ന്‌ അദ്ദേഹം തന്നെ ഡിലീറ്റ്‌ ചെയ്‌തിരുന്നു, ഇന്ത്യക്കാരായ എല്ലാ തലയില്ലാക്കോഴികളും അറിഞ്ഞിരിക്കേണ്ട കമെന്റ്‌ ആയതുകൊണ്ട്‌ പൊതുജനത്തിന്റെ അറിവിലേക്കായി അത്‌ ഞാന്‍ താഴെ എടുത്തു ചേര്‍ക്കുന്നു. എന്റെ പോസ്‌റ്റ്‌ വായിക്കാന്‍ പോലും ക്ഷമയില്ലാതെയാണ്‌ അദ്ദേഹം കമന്റ്‌ നടത്തിയിരിക്കുന്നതെന്ന്‌ അദ്ദേഹം സമ്മതിക്കുന്നുണ്ട്‌.
കമെന്റ്‌ എഡിറ്റിങ്‌ കൂടാതെ ഇതാ:
"തന്റെ കോപ്പു വായിച്ചില്ല. എങ്കിലും ഒന്നു പറഞ്ഞുകൊള്ളട്ടേ.
മണ്ണെണ്ണ വിളക്കും മെഴുകുതിരിയുമേ തനിക്കും തന്റെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും പറഞ്ഞിട്ടുള്ളു. ഇന്ത്യ ഒരു കോപ്പും അല്ല ലോകത്തിന്റെ മുന്നില്‍ എന്നുള്ളതു ആദ്യം മനസ്സിലാക്കുക.
ഈ കരാര്‍ ഒരു ചരിത്രപരമായ നേട്ടം തന്നെ ആണ്‌. ന്യൂക്ലിയര്‍ എനര്‍ജി ഇപ്പോള്‍ ഇന്ത്യയ്‌ക്ക്‌ വളരെ പ്രധാനമാണ്‌. നാല്‌ അണുബോംബ്‌ ഉണ്ടാക്കിയാല്‍ തീരും ഇന്ത്യയുടെ യുറേനിയവും മണ്ണാങ്കട്ടയും.
1998ല്‍ അണുബോംബ്‌ പൊട്ടിക്കരുത്‌ എന്ന്‌ പറഞ്ഞ കള്ളക്കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ അതിനു കഴിയില്ല എന്നും പറഞ്ഞു കൊടി പിടിക്കുന്നു. ചൈന, പാകിസ്ഥാന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ക്കു വന്‍ നേട്ടം ആയിരിക്കും ഈ കമ്യൂണിസ്റ്റ്‌ തെണ്ടികല്‍ മൂലം ഉണ്ടാക്കി കൊടുക്കാന്‍ പോവുന്നത്‌. ചൈന ആരാ..പ്രകാശ്‌ കാരാട്ടിന്റെ അപ്പനോ?
ബൈ ഇലക്ഷന്‍ വരട്ടെ എന്നാണ്‌ ഞാന്‍ പറയുന്നത്‌. വെറും ഡൂക്കിലി പാര്‍ട്ടി ആയി സി പി എം ചുരുങ്ങി പോവുന്നത്‌ ഇന്ത്യക്ക്‌ കാണാന്‍ കഴിയും."

എനിക്ക്‌ ഇതിനോട്‌ പ്രതികരണം ഒന്നുമില്ല. പ്രതികരിക്കാന്‍ മാത്രമുള്ള അറിവ്‌ എനിക്കില്ല. അ്‌ദ്ദേഹം പറഞ്ഞതുതന്നെയാണ്‌ ശരി. നൂറ്‌ ശതമാനം. ഈ കരാര്‍ ചരിത്രപരമായ ഒന്നാണ്‌. ഇന്ത്യ ലോകത്തിന്‌ മുന്നില്‍ ഒരു കോപ്പും അല്ല. ന്യൂക്ലിയര്‍ എനര്‍ജി ഇല്ലെങ്കില്‍ ഇന്ത്യ മണ്ണെണ്ണവിളക്കും കത്തിച്ചിരിക്കും.(ഞാന്‍ അത്രയ്‌ക്ക്‌ ആലോചിച്ചില്ല. അമേരിക്ക കനിഞ്ഞില്ലെങ്കില്‍ ഞാനും എന്റെ മക്കളും മക്കളുടെ മക്കളും മണ്ണെണ്ണ വിളക്കും മെഴുകുതിരിയുമായി ജീവിക്കേണ്ടി വരിക. ഞങ്ങളെ മണ്ണെണ്ണപ്പുകയില്‍ നിന്ന്‌ രക്ഷിക്കാന്‍ വേണ്ടി അമേരിക്ക കാരുണ്യപൂര്‍വ്വം ശ്രമിക്കുന്ന്‌ത്‌ കാണാതിരുന്നത്‌ എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ) നാല്‌്‌ അണുബോംബ്‌ ഉണ്ടാക്കിയാല്‍ തീരും ഇന്ത്യയുടെ യുറേനിയം. (ശരിയാണ്‌, മിനിമം ഒരു പത്ത്‌ ബോംബെങ്കിലും ഉണ്ടാക്കിയാലേ ഇന്ത്യയ്‌ക്ക്‌ ലോകത്തിന്‌ മുന്നില്‍ എന്തെങ്കിലും കോപ്പ്‌ ആവാന്‍ പറ്റൂ.)
എന്റെ സുഹൃത്തിന്റെ ബ്ലോഗ്‌ നിങ്ങള്‍ വായിച്ചിരിക്കേണ്ടതാണ്‌. സദ്ദാമിനെ തൂക്കിക്കൊന്നതു സംബന്ധിച്ച്‌ "അങ്ങനെ പവനായി ശവമായി" എന്ന പോസ്‌റ്റ്‌ മറക്കാതെ വായിക്കുക. അദ്ദേഹത്തിന്‌ സര്‍വ്വ വിധ അമേരിക്കന്‍ മംഗളങ്ങളും നേരുന്നു.

Labels: , ,

 
Thursday, August 23, 2007
 
തലയില്ലാത്ത കോഴികള്‍

INDIAN CHICKEN 60

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികം സ്‌റ്റാര്‍ മൂവീസ്‌ ഗംഭീരമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന പ്രത്യേക സിനിമകയും ഉണ്ടായിരുന്നു. ആഗസ്‌ത്‌ പതിനാലിന്‌ രാത്രി ഇന്‍ഡിപെന്‍ഡന്‍സ്‌ ഡേ എന്ന ചിത്രം. സിനിമയുടെ റിപ്പീറ്റ്‌ പിറ്റേന്നും!! ഇന്ത്യന്‍ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ സ്‌റ്റാര്‍ മൂവീസ്‌ ഈ ചിത്രം തന്നെ തെരഞ്ഞെടുത്തത്‌ യാദൃച്ഛികമാണെന്ന്‌ കരുതാന്‍ വയ്യ.
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികവും ഇവര്‍ കെങ്കേമമായി കൊണ്ടാടിയിരുന്നു. പത്തുവര്‍ഷത്തിനിപ്പുറമെത്തുമ്പോള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കുവേണ്ടി അവര്‍ വീണ്ടും വീണ്ടും "ഇന്‍ഡിപെന്‍ഡന്‍സ്‌ ഡേ" കാഴ്‌ചവെയ്‌ക്കുകയാണ്‌. ലോകം മുഴുവന്‍ കോടികള്‍ വാരിയ ചിത്രം അവസാനിക്കുന്നത്‌ ജൂലൈ നാലിന്‌ ആണ്‌. അമേരിക്കയെ (ലോകത്തെയും?!!) ആക്രമിക്കാനെത്തുന്ന അന്യഗ്രഹജീവികളെ കൊന്നൊടുക്കി ലോകം മുഴുവന്‍ സ്വാതന്ത്ര്യവും സമാധാനവും നേടിക്കൊടുക്കുന്ന സര്‍വ്വശക്തമായ അമേരിക്ക അതിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌ ചിത്രത്തില്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ജൂലൈ നാലിനെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയും അമേരിക്കന്‍ പ്രസിഡണ്ട്‌ നേരിട്ടുവന്ന്‌ ലോകത്തെ രക്ഷിച്ചെടുക്കുന്ന ഹീറോ ഫിഗറായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന ചിത്രം ഇന്ത്യന്‍ പൗരന്‍മാര്‍ കണ്ടിരിക്കേണ്ടതുതന്നെ.

ഇന്തോ-അമേരിക്കന്‍ ആണവ കരാറിന്റെയും ‌തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സ്റ്റാര്‍ മൂവീസിന്റെ ഇന്‍ഡിപെന്‍ഡെന്‍സ്‌ ഡെയും വരുന്നത്‌ എന്നത്‌ കുറെ കൂട്ടിവായനക്ക്‌ ഇടം നല്‍കുന്നു. ഏലിയന്‍ ചേരുവകളുള്ള മറ്റെല്ലാ പതിവ്‌ ഹോളിവുഡ്‌ ചിത്രങ്ങളേയും പോലെ ഈ ചിത്രവും അമേരിക്കയെയും അമേരിക്കന്‍ ഭരണകൂടത്തെയും ലോകരക്ഷകരായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്‌.അമേരിക്കയില്‍ ഇന്ത്യന്‍ സ്ഥാനപതിയായ റോണെന്‍ സെന്‍ റിഡിഫിന്‌ അനുവദിച്ച വിവാദ അഭിമുഖം വായിച്ചപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവുന്നു. ഇന്ത്യന്‍ എം പി മാരെ തലയില്ലാത്ത കോഴികള്‍ എന്നാണ്‌ സെന്‍ വിശേഷിപ്പിച്ചത്‌. (read the interview)സംഗതി വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചത്‌ മാധ്യമങ്ങളെയാണെന്ന്‌ പറഞ്ഞ്‌ തലയൂരാനും ശ്രമം നടത്തി. ആരെയാണ്‌ ഉന്നം വെച്ചതെങ്കിലും ഒരുകാര്യം വ്യക്തമാണ്‌ ഇന്തോ-യു എസ്‌ കരാറിനെ വിമര്‍ശിക്കുന്നവരെയാണ്‌ തലയില്ലാത്ത കോഴികള്‍ എന്ന്‌ പുള്ളിക്കാരന്‍ വിമര്‍ശിച്ചത്‌.

റോണെന്‍ സെന്നിന്റെ അഭിമുഖത്തില്‍ വിവാദമായിരിക്കുന്ന തലയില്ലാക്കോഴി പരാമര്‍ശം മാറ്റിനിര്‍ത്തിയാല്‍ വലിയ ചില വെളിപ്പെടുത്തലുകളുണ്ട്‌:
സാമ്പിള്‍ ഇതാ: "ഇന്ത്യയ്‌ക്ക്‌ നേരെ ആണവ നിര്‍വ്യാപന കരാര്‍ ഏര്‍പ്പെടുത്താന്‍ നോക്കിയ അതേ അമേരിക്ക തന്നെ ഇപ്പോള്‍ നമ്മളെ അതില്‍ നിന്ന്‌ ഒഴിവാക്കാമെന്ന്‌ പറയുന്നു, ഇത്‌ വലിയ നേട്ടമല്ലേ? " (അതെ വലിയ നേട്ടം തന്നെ. വല്യേട്ടന്റെ ഔദാര്യം എന്ന്‌ തലയില്ലാക്കോഴികള്‍ പറയുന്നത്‌ ശ്രദ്ധിക്കേണ്ട.)
സാമ്പിള്‍ രണ്ട്‌: "ബുഷിനെപ്പോലെ ഇന്ത്യയുടെ അനുകൂലിയും സുഹൃത്തുമായ മറ്റൊരു പ്രസിഡണ്ടിനെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇനി അടുത്ത കാലത്തൊന്നും ഉണ്ടാവുമെന്നും തോന്നുന്നില്ല." (പ്രസിഡണ്ട്‌ ബുഷ്‌ ഈ കുടുംബത്തിന്റെ നാഥന്‍)

സാമ്പിള്‍ മൂന്ന്‌‌: "ഇന്ത്യയുടെ അറുപതുവര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും മനോഹരമായ ഒരു കരാര്‍ ഉണ്ടായിട്ടേ ഇല്ല." (എന്റമ്മോ!! ചരിത്രം ഇന്ത്യയെ നമിക്കുന്നു.)

അരുന്ധതി റോയ്‌ ചെയ്‌ത പഴയൊരു പ്രസംഗം ഓര്‍ത്തുപോയി, 2004ല്‍ മുംബൈ സോഷ്യന്‍ ഫോറത്തില്‍ നടത്തിയത്‌- "1947 മുതല്‍ അമേരിക്കന്‍ നാഷണല്‍ ടര്‍ക്കി ഫൗണ്ടേഷന്‍ താങ്ക്‌സ്‌ ഗിവിങ്‌ ദിനത്തില്‍ പ്രത്യേകം തെരഞ്ഞെടുത്ത ഒരു ടര്‍ക്കി കോഴിയെ പ്രസിഡണ്ടിന്‌ സമ്മാനിക്കും. ദയാലുവായ പ്രസിഡണ്ട്‌ തന്റെ കാരുണ്യം പ്രകടിപ്പിച്ചുകൊണ്ട്‌ ആ ടര്‍ക്കിക്കോഴിയെ സ്വതന്ത്രനാക്കും. അന്നത്തെ പ്രസിഡന്‍ഷ്യന്‍ ഡിന്നറിന്‌ മറ്റൊരു ടര്‍ക്കിയെയാവും കൊല്ലുക. അതേ ദിവസം ആഘോഷങ്ങളുടെ ഭാഗമായി അമ്പത്‌ മില്യണ്‍ ടര്‍ക്കി കോഴികളുടെ തലയറുക്കും!... " (read the full text here)

അമേരിക്കന്‍ തീന്‍ മേശയിലേക്ക്‌ തലനീട്ടിയിരിക്കുന്ന റോണെന്‍ സെന്നും മന്‍മോഹനും അടക്കമുള്ള ഇന്ത്യന്‍ കോഴികള്‍ക്ക്‌ (തലയോടുകൂടിയ) "ഇന്‍ഡിപെന്‍ഡെന്‍സ്‌ ഡേ" ആശംസകള്‍. സംശയിക്കേണ്ട ജൂലൈ നാലിന്‌ തന്നെ!!
 
Wednesday, August 22, 2007
 
പിന്നെയും മഴ!!


ഇത്തവണ മഴ തകര്‍ത്തു. ഇതുവരെയുള്ള കണക്കുകള്‍ വെച്ചുതന്നെ കേരളത്തില്‍ 22ശതമാനത്തിലധികം മഴ ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ 205 സെന്റിമീറ്റര്‍ മഴ ലഭിച്ചു. 160നും 170 സെ. മി.ക്കും ഇടയ്‌ക്കാണ്‌ സാധാരണ ലഭിക്കാറുള്ള മഴ. ഡാമുകള്‍ എല്ലാം നിറഞ്ഞു കവിഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ മിക്ക ഡാമുകളും നാലുതവണയെങ്കിലും തുറന്നുവിട്ടു. മണ്‍സൂണ്‍ ഇനിയും അവസാനിച്ചിട്ടില്ല. തുലാവര്‍ഷം തകര്‍ത്തുപെയ്യാനിരിക്കുന്നേയുള്ളു. വേനല്‍ മഴയും കൂടിയാവുമ്പോള്‍ മഴ ഈ വര്‍ഷം സമീപകാല റെക്കോഡുകള്‍ തകര്‍ക്കും. പിന്നെയും വേനല്‍ വരുമ്പോള്‍ ജലക്ഷാമത്തെക്കുറിച്ച്‌ നമുക്ക്‌ സംസാരിക്കേണ്ടി വരുമെന്നതാണ്‌ ഇതിന്റെ മറുവശം. കൃത്യമായ വാട്ടര്‍മാനേജ്‌മെന്റ്‌ പോളിസിയെക്കുറിച്ച്‌ നാം എന്നാണ്‌ ചിന്തിച്ചുതുടങ്ങുക? വാട്ടര്‍ അഥോറിറ്റി കുപ്പിവെള്ള ബിസിനസ്സിലേക്ക്‌ തിരിയുന്നുവെന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത!! മഴയെ കുപ്പിയിലടച്ച്‌ വില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാവുന്നു. പക്ഷേ കാര്യക്ഷമമായ ജലവിഭവമാനേജ്‌മെന്റിന്‌ സംവിധാനങ്ങളൊന്നുമില്ല.

പ്രത്‌ീക്ഷയ്‌ക്ക്‌ വകയുണ്ട്‌,അല്ലേ??

Labels:

 
Thursday, August 16, 2007
 
The Great Indian cliche'
അഥവാ
മഹത്തായ ഇന്ത്യന്‍ തമാശ

ഇത്‌ വളരെ പ്രവചനീയമായ ഒരു ഫോട്ടോ തന്നെ.
ഏതൊരു ഇന്ത്യന്‍ നഗരത്തിലും കാണാവുന്ന സാധാരണ കാഴ്‌ച. ധനിക-ദരിദ്ര വ്യത്യാസത്തെക്കുറിച്ച്‌ വാതുറക്കുന്നവര്‍ മുഴുവന്‍ പറയുന്ന ക്ലീഷേ. പക്ഷേ, ഇതൊരു ക്ലീഷേ ആണെന്നതുകൊണ്ടുമാത്രം യാഥാര്‍ത്ഥ്യം അല്ലാതാവുന്നില്ല.

അംബാനി സ്വന്തം കുടുംബത്തിന്‌ താമസിക്കാന്‍ 27 നില ആഡംബര മന്ദിരം പണിയുന്നുവെന്നത്‌ ഇവിടെ വലിയ വാര്‍ത്തയായി. വരാനിരിക്കുന്ന ആ അംബരചുംബിയുടെ നില തിരിച്ചുള്ള ചര്‍ച്ചകളും ഇന്‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസവും നമ്മള്‍ കണ്ടു. നിയോ ലിബറല്‍ ഇന്ത്യയുടെ വിധാതാക്കളുടെ രാജമാളികയിലിരുന്നാലുളള കാഴ്‌ചകളാണ്‌ ചേതോഹരം. വിദേശവണിക്കുകള്‍ കയറിവന്ന ഇന്ത്യാ ഗേറ്റ്‌ വരെ വിശാലമായി കാണാം. "ദി ഡേര്‍ട്ടി മുംബൈ സ്ലംസും" കാണേണ്ടി വരുമെന്ന ഒരു ദോഷം മാത്രമേ ഉള്ളു. അതു ഞങ്ങള്‍ അടുത്തുതന്നെ ക്ലീന്‍ ആക്കുന്നുണ്ട്‌...to get a better view of things...


ഇത്‌ കൊച്ചിയിലെ- കേരളത്തിലെയും- ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്‌. ഒരു പക്ഷേ, കേരളത്തിലെ ആദ്യത്തെ ഇന്റെലിജെന്റ്‌ ബില്‍ഡിങ്‌. ഏറ്റവും മുകളിലത്തെ വൃത്താകൃതിയിലുള്ള ഇടം ഒരു റിവോള്‍വിങ്‌ റെസ്‌റ്റോറന്റ്‌ ആണ്‌. ഈ കെട്ടിടത്തില്‍ വരുന്ന സ്വദേശി-വിദേശി ഐടി കുഞ്ഞുങ്ങള്‍ക്ക്‌ സ്‌മാര്‍ട്ട്‌ കൊച്ചി മൊത്തത്തില്‍ കറങ്ങിക്കാണാന്‍ എവിടെ നേരം. ഇന്റെലിജെന്റ്‌ ബില്‍ഡിങ്ങ്‌ ആണെങ്കിലും ടാര്‍ജെറ്റ്‌ മറന്ന്‌ കളിയില്ലല്ലോ. അതുകൊണ്ട്‌ അവര്‍ക്ക്‌ കൊച്ചി കാണാന്‍ വേണ്ടി ഈ റെസ്‌റ്റോറന്റ്‌ കറങ്ങിക്കൊണ്ടിരിക്കും. അപ്പോഴൊക്കെ ഈ ചേരി അരോചകം തന്നെയായിരിക്കും, തീര്‍ച്ച. അതുകൊണ്ടാവണമെന്നില്ല കേട്ടോ, എന്തായാലും ഈ താല്‍ക്കാലിക ചേരി ഒഴിപ്പിക്കാന്‍ കൊച്ചിയിലെ ക്വട്ടേഷന്‍ ലോകം നമ്പറുകളിറക്കിത്തുടങ്ങിയിട്ടുണ്ട്‌. ഭീഷണിയും വഴക്കും ഒക്കെയായി. അധികം വൈകാതെ ഈ ക്ലീഷേ രംഗം കൊച്ചിയില്‍ നിന്നും തുടച്ചുമാറ്റപ്പെടും, തീര്‍ച്ച. അതുവരെ ക്ഷമിക്കുക.
സ്വാതന്ത്ര്യത്തിന്റെ അറുപതാം പിറന്നാള്‍ ആശംസകളോടെ.
(ക്യാമറയ്‌ക്കുള്ളില്‍ അല്‍പം ക്ലീഷേ പറ്റിപ്പിടിച്ചതില്‍ ക്ഷമാപണത്തോടെ. വേഗം തന്നെ നന്നാക്കാന്‍ കൊടുക്കുന്നുണ്ട്‌. അതുവരെ... ) 
Wednesday, August 01, 2007
 
പഠിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍
വിശുദ്ധ കുര്‍ബാന കൈക്കൊള്ളുക


എല്ലാ സമരങ്ങളില്‍ നിന്നുമുള്ള വിമോചനം!!
 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.