INDIAN CHICKEN 60

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷികം സ്‌റ്റാര്‍ മൂവീസ് ഗംഭീരമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന പ്രത്യേക സിനിമകയും ഉണ്ടായിരുന്നു. ആഗസ്‌ത് പതിനാലിന് രാത്രി ഇന്‍ഡിപെന്‍ഡന്‍സ് ഡേ എന്ന ചിത്രം. സിനിമയുടെ റിപ്പീറ്റ് പിറ്റേന്നും!! ഇന്ത്യന്‍ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ സ്‌റ്റാര്‍ മൂവീസ് ഈ ചിത്രം തന്നെ തെരഞ്ഞെടുത്തത് യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യ.
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികവും ഇവര്‍ കെങ്കേമമായി കൊണ്ടാടിയിരുന്നു. പത്തുവര്‍ഷത്തിനിപ്പുറമെത്തുമ്പോള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കുവേണ്ടി അവര്‍ വീണ്ടും വീണ്ടും
"ഇന്‍ഡിപെന്‍ഡന്‍സ് ഡേ" കാഴ്‌ചവെയ്‌ക്കുകയാണ്. ലോകം മുഴുവന്‍ കോടികള്‍ വാരിയ ചിത്രം അവസാനിക്കുന്നത് ജൂലൈ നാലിന് ആണ്. അമേരിക്കയെ
(ലോകത്തെയും?!!) ആക്രമിക്കാനെത്തുന്ന അന്യഗ്രഹജീവികളെ കൊന്നൊടുക്കി ലോകം മുഴുവന്‍ സ്വാതന്ത്ര്യവും സമാധാനവും നേടിക്കൊടുക്കുന്ന സര്‍വ്വശക്തമായ അമേരിക്ക അതിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ചിത്രത്തില്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ജൂലൈ നാലിനെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയും അമേരിക്കന്‍ പ്രസിഡണ്ട് നേരിട്ടുവന്ന് ലോകത്തെ രക്ഷിച്ചെടുക്കുന്ന ഹീറോ ഫിഗറായി പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്ന ചിത്രം ഇന്ത്യന്‍ പൗരന്‍മാര്‍ കണ്ടിരിക്കേണ്ടതുതന്നെ.
ഇന്തോ-അമേരിക്കന്‍ ആണവ കരാറിന്റെയും തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സ്റ്റാര്‍ മൂവീസിന്റെ ഇന്‍ഡിപെന്‍ഡെന്‍സ് ഡെയും വരുന്നത് എന്നത് കുറെ കൂട്ടിവായനക്ക് ഇടം നല്‍കുന്നു. ഏലിയന്‍ ചേരുവകളുള്ള മറ്റെല്ലാ പതിവ് ഹോളിവുഡ് ചിത്രങ്ങളേയും പോലെ ഈ ചിത്രവും അമേരിക്കയെയും അമേരിക്കന്‍ ഭരണകൂടത്തെയും ലോകരക്ഷകരായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.അമേരിക്കയില്‍ ഇന്ത്യന്‍ സ്ഥാനപതിയായ റോണെന്‍ സെന്‍ റിഡിഫിന് അനുവദിച്ച വിവാദ അഭിമുഖം വായിച്ചപ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവുന്നു. ഇന്ത്യന്‍ എം പി മാരെ തലയില്ലാത്ത കോഴികള്‍ എന്നാണ് സെന്‍ വിശേഷിപ്പിച്ചത്. (
read the interview)സംഗതി വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചത് മാധ്യമങ്ങളെയാണെന്ന് പറഞ്ഞ് തലയൂരാനും ശ്രമം നടത്തി. ആരെയാണ് ഉന്നം വെച്ചതെങ്കിലും ഒരുകാര്യം വ്യക്തമാണ് ഇന്തോ-യു എസ് കരാറിനെ വിമര്‍ശിക്കുന്നവരെയാണ് തലയില്ലാത്ത കോഴികള്‍ എന്ന് പുള്ളിക്കാരന്‍ വിമര്‍ശിച്ചത്.
റോണെന്‍ സെന്നിന്റെ അഭിമുഖത്തില്‍ വിവാദമായിരിക്കുന്ന തലയില്ലാക്കോഴി പരാമര്‍ശം മാറ്റിനിര്‍ത്തിയാല്‍ വലിയ ചില വെളിപ്പെടുത്തലുകളുണ്ട്:
സാമ്പിള്‍ ഇതാ: "ഇന്ത്യയ്‌ക്ക് നേരെ ആണവ നിര്‍വ്യാപന കരാര്‍ ഏര്‍പ്പെടുത്താന്‍ നോക്കിയ അതേ അമേരിക്ക തന്നെ ഇപ്പോള്‍ നമ്മളെ അതില്‍ നിന്ന് ഒഴിവാക്കാമെന്ന് പറയുന്നു, ഇത് വലിയ നേട്ടമല്ലേ? " (
അതെ വലിയ നേട്ടം തന്നെ. വല്യേട്ടന്റെ ഔദാര്യം എന്ന് തലയില്ലാക്കോഴികള്‍ പറയുന്നത് ശ്രദ്ധിക്കേണ്ട.)
സാമ്പിള്‍ രണ്ട്: "ബുഷിനെപ്പോലെ ഇന്ത്യയുടെ അനുകൂലിയും സുഹൃത്തുമായ മറ്റൊരു പ്രസിഡണ്ടിനെ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇനി അടുത്ത കാലത്തൊന്നും ഉണ്ടാവുമെന്നും തോന്നുന്നില്ല." (
പ്രസിഡണ്ട് ബുഷ് ഈ കുടുംബത്തിന്റെ നാഥന്‍)
സാമ്പിള്‍ മൂന്ന്: "ഇന്ത്യയുടെ അറുപതുവര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും മനോഹരമായ ഒരു കരാര്‍ ഉണ്ടായിട്ടേ ഇല്ല." (
എന്റമ്മോ!! ചരിത്രം ഇന്ത്യയെ നമിക്കുന്നു.)

അരുന്ധതി റോയ് ചെയ്‌ത പഴയൊരു പ്രസംഗം ഓര്‍ത്തുപോയി, 2004ല്‍ മുംബൈ സോഷ്യന്‍ ഫോറത്തില്‍ നടത്തിയത്- "1947 മുതല്‍ അമേരിക്കന്‍ നാഷണല്‍ ടര്‍ക്കി ഫൗണ്ടേഷന്‍ താങ്ക്‌സ് ഗിവിങ് ദിനത്തില്‍ പ്രത്യേകം തെരഞ്ഞെടുത്ത ഒരു ടര്‍ക്കി കോഴിയെ പ്രസിഡണ്ടിന് സമ്മാനിക്കും. ദയാലുവായ പ്രസിഡണ്ട് തന്റെ കാരുണ്യം പ്രകടിപ്പിച്ചുകൊണ്ട് ആ ടര്‍ക്കിക്കോഴിയെ സ്വതന്ത്രനാക്കും. അന്നത്തെ പ്രസിഡന്‍ഷ്യന്‍ ഡിന്നറിന് മറ്റൊരു ടര്‍ക്കിയെയാവും കൊല്ലുക. അതേ ദിവസം ആഘോഷങ്ങളുടെ ഭാഗമായി അമ്പത് മില്യണ്‍ ടര്‍ക്കി കോഴികളുടെ തലയറുക്കും!... " (
read the full text here)
അമേരിക്കന്‍ തീന്‍ മേശയിലേക്ക് തലനീട്ടിയിരിക്കുന്ന റോണെന്‍ സെന്നും മന്‍മോഹനും അടക്കമുള്ള ഇന്ത്യന്‍ കോഴികള്‍ക്ക് (തലയോടുകൂടിയ) "ഇന്‍ഡിപെന്‍ഡെന്‍സ് ഡേ" ആശംസകള്‍. സംശയിക്കേണ്ട ജൂലൈ നാലിന് തന്നെ!!