കരുണം!
കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും ഒരു പാവം പരസ്യ ചിത്രം
മരങ്ങള്‍ക്കിടയിലേക്ക്...
തുളസിയുടെ ബ്ലോഗ് കണ്ടപ്പോഴാണ് എനിക്കും വേണം അത്തരം ഒരു ടെംപ്ലേറ്റ് എന്ന് തോന്നിയത്. ഓരോ അത്യാഗ്രഹങ്ങള്‍! അവന്റെ പോലെ ചിത്രങ്ങളെടുക്കാന്‍ ഞാന്‍ തലകുത്തി മറിഞ്ഞാലും സാധിക്കില്ല. ചിത്രങ്ങള്‍ക്ക് അവനെഴുതുന്നപോലെ നല്ല അടിക്കുറിപ്പുകളെഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഞാന്‍ അസൂയകൊണ്ട് മൂക്ക് ചൊറിഞ്ഞു. അതുകൊണ്ട് ആ ടെംപ്ലേറ്റെങ്കിലും അടിച്ചുമാറ്റണം എന്ന ആഗ്രഹം കലശലായി. ഉടനെ അവനെ ഫോണില്‍ വിളിച്ചു.
അപ്പോള്‍ കക്ഷി കാസര്‍കോട് ടൈഫോയ്‌ഡിന്റെ പിടിയില്‍. കുറച്ചുദിവസം ക്ഷമിച്ചു. പിന്നേം വിളിച്ചു. അപ്പോഴും ടൈഫോയ്‌ഡ്. ഒടുവില്‍ ആ രോഗക്കിടക്കയിലും അവനെ ബുദ്ധിമുട്ടിച്ച് ഞാന്‍ സൂത്രങ്ങള്‍ ഒന്നൊന്നായി മനസ്സിലാക്കി. ആവശ്യക്കാര്‍ ഔചിത്യത്തിന്റെ കാര്യത്തില്‍ പണ്ടേ ഇങ്ങനെയാണല്ലോ.
അങ്ങനെ ഞാനും സംഘടിപ്പിച്ചു ഒരു തുളസി മോഡല്‍ ടെംപ്ലേറ്റ്. ഇതില്‍ ചിത്രങ്ങള്‍ മാത്രം നിക്ഷേപിക്കാം എന്ന് തീരുമാനിച്ചു. എഴുത്തൊക്കെ വല്ലാതെ ബോറടിച്ചുതുടങ്ങി. അതുകൊണ്ട്... പുതിയൊരു ബ്ലോഗുതന്നെ തുടങ്ങിക്കളയാം എന്ന് കരുതി.
അങ്ങനെ
മരങ്ങള്‍ക്കിടയിലേക്ക് തുടങ്ങി.
കയറിനോക്കൂ...
www.andintothetrees.blogspot.com
Labels: malayalam blogs
മുമ്പേ പറക്കുന്ന ബിഷപ്പ്, അമ്പേ പിറക്കുന്ന ക്‌ടാങ്ങള്‍
ഉള്ളതു പറയണമല്ലോ. ഞങ്ങള്‍ പുതുക്കാട്ടുകാരുടെ മാത്രമല്ല തൃശ്ശൂര്‍ക്കാരുടെ മൊത്തം, അഭിമാനതാരമാണ് ബിഷപ്പ് ആന്‍ഡ്ര്യൂസ് താഴത്ത് തിരുമേനി. അതിരൂപതയില്‍ ഇതുവരെക്കാണാത്ത തരം ഉശിരാണ് സഖാവിന്റെ തുറുപ്പുഗുലാന്‍. പേരില്‍ താഴത്താണെങ്കിലും അങ്ങ് ഉയരത്തില്‍ കര്‍ത്താവിനേക്കാള്‍ മേലോട്ടാണ് തിരുമേനിയുടെ പുറപ്പാട്.
സംശയമുണ്ടെങ്കില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കേരളത്തില്‍ നടന്നിട്ടുള്ള രാഷ്‌ട്രീയ വിവാദങ്ങള്‍ റിവേഴ്‌സ് മോഡില്‍ നോക്കിയാല്‍ മതി. അതിന്റെയെല്ലാം ആര്‍ക്കൈവ്‌സില്‍ ആദ്യത്തെ എന്‍ട്രി താഴത്ത് തിരുമേനിയുടേതാവും.
സമരത്തിന്റെ ദൈവവിളിവിമോചനസമരത്തിനായുള്ള ദൈവവിളി വന്നുവീണത് തുരുമേനിയുടെ തിരുശിരസ്സിലായിരുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഇരുന്ന് മൂരി നിവര്‍ത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്നാറും ഭൂമി കയ്യേറ്റം ഒഴിപ്പിക്കലുമൊക്കെയായി 57ലെ ഇ എം എസ് മന്ത്രിസഭയുടെ ക്ലോണ്‍ ആണ് തന്റേതെന്ന് വി എസ് നീട്ടിവലിച്ച് പറഞ്ഞുതീര്‍ന്നപ്പോഴേക്കും താഴത്ത് തിരുമേനി വെടിമുഴക്കി.
വി എസിന്റേത് രണ്ടാം ഇ എം എസ് മന്ത്രിസഭയെങ്കില്‍ സഭയുടെ വക രണ്ടാം വിമോചനസമരവുമാകട്ടെ. കുഞ്ഞാടുകളെ തെരുവിലിറങ്ങുവിന്‍!
രണ്ടാം ഇ എം എസ് മന്ത്രിസഭ പോലെ, രണ്ടാം ഭൂപരിഷ്‌കരണം പോലെ, രണ്ടാം വിമോചനസ്വപ്‌നങ്ങളും വെറും ഉഡായിപ്പ് പരിപാടിയായിപ്പോയി. (ചരിത്രം ആവര്‍ത്തിക്കുന്നു. ആദ്യം ഒരു ട്രാജഡിയായും പിന്നീട് ഒരു അസംബന്ധനാടകമായും എന്ന് പറഞ്ഞത് മാര്‍ക്‌സ് ആണോ? മാര്‍ക്‌സിനെ ഉദ്ധരിച്ചാല്‍ സഭ ഒന്നടങ്കം ഉദ്ധരിച്ചിങ്ങോട്ട് വരുമെന്നതിനാല്‍ ആ ചോദ്യം ഞാന്‍ ഇതിനാല്‍ വിഴുങ്ങിക്കൊള്ളുന്നു. ആമെന്‍)
എന്തായാലും രണ്ടാം വിമോചനസമരം സഭയെ ആകെയൊന്ന് ത്രസിപ്പിച്ചുകളഞ്ഞു. നിത്യകുര്‍ബാനയും പോപ്പിന്റെ ദൈനംദിന മാപ്പുപറച്ചിലും മാത്രം ആസ്വദിക്കാന്‍ വിധിക്കപ്പെട്ട കെ സി വൈ എം കാര്‍ക്കും അല്‍മായര്‍ക്കും ഒരു ചൂരും ചുണയുമൊക്കെ വന്നു. കന്യാസ്‌ത്രീമഠങ്ങളില്‍ നിന്നും കര്‍ത്താവിന്റെ മണവാട്ടിമാര്‍ വിമോചനസമരവുമായി നഗരം ചുറ്റി. മുദ്രാവാക്യം വിളിയില്ലെങ്കിലും വിമോചനസമരത്തിനായി അവര്‍ പലതവണ കൊന്തയെത്തിച്ചു.
അധികം കളിച്ചാല്‍ ചുവപ്പന്‍മാര്‍ കുറുമാലിപ്പുഴ കടന്ന് വടക്കോട്ട് കയറില്ലെന്ന ബിഷപ്പിന്റെ പ്രസ്‌താവന കേട്ട് ദേ എന്റെ രോമങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് സെല്യൂട്ട് അടിച്ചു. (കുറുമാലിപ്പുഴയെന്നത് പുതുക്കാട്ടുകാരുടെ ദേശീയ നദിയാണ്. പാലമുണ്ട്. അത്യാവശ്യം നീന്തലറിയുന്നവര്‍ക്ക് അതാവാം. )
പാഠം ഒന്ന്, പാഠപുസ്തകംവിമോചനസമരപ്രഖ്യാപനത്തിന് ശേഷം താഴത്ത് തിരുമേനി വീണ്ടുമെത്തുന്നത് രണ്ടാം മുണ്ടശ്ശേരിയുടെ ഏഴാംക്ലാസ് പാഠപുസ്‌തകത്തിനെതിരായിട്ടായിരുന്നു. ഇക്കാര്യത്തിലും ആദ്യത്തെ വെടി പൊട്ടിച്ചത് താഴത്ത് ബിഷപ്പ് തന്നെ. പാഠപുസ്‌തകത്തില്‍ മതവിരുദ്ധതയുണ്ടെന്നും അത് പഠിപ്പിക്കണോ എന്ന് ആലോചിക്കേണ്ടിവരുമെന്നും പൊതുവേദിയില്‍ ആദ്യം പ്രസംഗിച്ചത് താഴത്ത് തിരുമേനിയാണ്. അത് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് യു ഡി എഫ് അതിബുദ്ധികള്‍ക്ക് സംഗതിയുടെ സാധ്യത മനസ്സിലായത്. എന്തായാലും പാഠപുസ്‌തകവിവാദം നിന്നു കത്തി. തൃശ്ശൂര്‍ അതിരൂപതയിലെ കുഞ്ഞാടുകളെ തെരുവിലിറക്കി തിരുമേനി സമരത്തില്‍ മുന്നിലിറങ്ങി.
നാമൊന്ന് നമുക്ക് നൂറ്സഭയുടെ വരാനിരിക്കുന്ന കാലം പ്രതിഷേധ പ്രകടനങ്ങളുടെയും തെരുവുസമരങ്ങളുടെയും സുവര്‍ണയുഗമായിരിക്കുമെന്ന് ബിഷപ്പ് തിരുമേനിയും ഇടയന്മാരും മുന്‍കൂട്ടി കണക്കാക്കുന്നു. അതുകൊണ്ട് തെരുവുനിറയ്‌ക്കാന്‍ കൂടുതല്‍ ആളെ വേണം. ഔട്ട്‌സോഴ്‌സിങ് കൊണ്ടും കന്യാസ്‌ത്രീകളെ തെരുവിലിറക്കിയും എത്ര കാലം സമരമുഖത്ത് തുടരും? മാത്രവുമല്ല വോട്ട് ബാങ്ക് രാഷ്‌ട്രീയം കുറെക്കൂടി ശക്തമാക്കാന്‍ സഭയ്‌ക്ക് ഇനിയും കുഞ്ഞാടുകള്‍ എമ്പിടി വേണം. മാര്‍ഗ്ഗം കൂടലും മാമൂദീസയുമൊന്നും പണ്ടെപ്പോലെ ഫലിക്കുന്നില്ല. അപെക്‌സ് അള്‍ട്ടിമ തന്നെ ശരണം. ഒടുവില്‍ സഭ വിശ്വാസികളോട് ഇപ്രകാരം അരുളിച്ചെയ്‌തു. നിങ്ങള്‍ സ്വയം കൃഷിനിലങ്ങളാകുവിന്‍, കൂടുതല്‍ വിള ഉല്‍പ്പാദിപ്പിക്കുവിന്‍.
കൂടുതല്‍ കുട്ടികള്‍,കൂടുതല്‍ സുരക്ഷ എന്ന് പ്രഖ്യാപിക്കുന്ന ബോര്‍ഡ് താഴത്ത് തിരുമേനിയുടെ സ്വന്തം ജൂബിലി മിഷന്‍ ഹോസ്‌പിറ്റലിന് മുമ്പില്‍ തൂങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പലതായി. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണമെന്ന് കെ സി ബി സി ആവശ്യപ്പെടുന്നതിന് മുമ്പെ തന്നെ ഇരിങ്ങാലക്കുട സിനഡ് അത്തരമൊരു ആഹ്വാനം നല്‍കിയിരുന്നു. തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ ക്‌ടാവൊന്നിന് ഇത്ര വെച്ച് സഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിനൊക്കെ എത്രയോ നാള്‍ കഴിഞ്ഞാണ് കെ സി ബി സിക്ക് ഈ ബുദ്ധി ഉദിക്കുന്നത്!
ഇതാണ് ഉരുളയ്‌ക്ക് ഒരുവായ എന്ന് പറയുന്നത്. ഇടതുസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി മനസ്സില്‍ കാണുന്നതിനും അതിന്റെ ഭാഗമായി പോത്തുകച്ചവടം തുടങ്ങിയ കലാപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും മുമ്പുതന്നെ ബിഷപ്പ് സംഗതി മണത്തു. വാല് പൊക്കുന്നത് കണ്ടാലറിഞ്ഞുകൂടെ കാളയ്‌ക്ക് മറ്റേതിന്റെ സൂക്കേടാണെന്ന്.... ഏത്? അവര് നികത്തിയ പാടത്ത് മണ്ണിട്ട്, കിളച്ചുമറിച്ചുവിതച്ചുവിരിച്ചുവിളഞ്ഞതുകുത്തിച്ചേറി വരുമ്പോഴേക്കും നമ്മള് കത്തോലിക്കര് ആഞ്ഞുപിടിച്ച് ജനമങ്ങ് പെരുക്കും. ചേടത്തിമാര്‍ പെറ്റുകൂട്ടുന്നത് കണ്ടാല്‍ മറ്റ് സമുദായക്കാര്‍ വെറുതെയിരിക്കുമോ? മതമുള്ള ജീവനുകള്‍ ചറപറാ പിറക്കും. സര്‍ക്കാരിന് തലവേദന പെരുക്കും.
സഭയ്‌ക്കോ..? സ്വാശ്രയക്കോളെജുകളില്‍ കൂടുതല്‍ സീറ്റ്, കൂടുതല്‍ കുട്ടികള്‍, കൂടുതല്‍ പണം.
മിഷന്‍ ഹോസ്‌പിറ്റലുകളില്‍ കൂടുതല്‍ പ്രസവവാര്‍ഡുകള്‍, കൂടുതല്‍ സിസേറിയന്‍ കൂടുതല്‍ പണം.
കുട്ടികള്‍ക്ക് കരപ്പന്‍ മുതല്‍ വയറിളക്കം വരെ.. ആശുപത്രികളില്‍ എന്നും റെക്കോഡ് കൊയ്‌ത്ത്.
കൂടുതല്‍ മാമോദീസകള്‍, കൂടുതല്‍ വിവാഹവെഞ്ചെരിപ്പുകള്‍, കെ സി വൈ എമ്മില്‍ കൂടുതല്‍ യുവാക്കള്‍. മഠങ്ങളില്‍ കൂടുതല്‍ കന്യാസ്‌ത്രീകള്‍.
കൂടുതല്‍ ക്രിസ്‌ത്യാനി മരണങ്ങള്‍. കൂടുതല്‍ കല്ലറകള്‍. ഓരോ കല്ലറയ്‌ക്കും മിനിമം പതിനയ്യായിരം വെച്ച് കണക്കുകൂട്ടിയാല്‍ തന്നെ പള്ളികളുടെ വരുമാനം സ്വര്‍ഗം തുളയ്‌ക്കും.
ഇതൊരു മ്യൂച്വല്‍ഫണ്ടാണ് കുഞ്ഞാടുകളെ. നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുക. സഭയില്‍ നിക്ഷേപിക്കുക. സഭ നിങ്ങളോടൊപ്പമുണ്ട്. ആമെന്‍. (please read the offer document carefully before investing!)
Labels: christian church in kerala