നോങ്ങല്ലൂര്‍ ജൈവഗ്രാമം

നോങ്ങല്ലൂരില്‍ ഒരു രാത്രി തങ്ങി. കുന്നംകുളത്തുനിന്നും പത്ത് കിലോമീറ്റര്‍ അകലെ ആണ് നോങ്ങല്ലൂര്‍, നെല്‍പ്പാടങ്ങളും മയില്‍ക്കൂട്ടങ്ങളും തലക്കുളങ്ങളും അവശേഷിക്കുന്ന, പഴകിയ വഴികളുമുള്ള ഒരു നാട്.
എന്റെ സുഹ്രുത്തും കേരളീയം പത്രത്തിന്റെ എഡിറ്ററുമായ പ്രമോദിന്റെ ആതിഥേയത്വം. രാത്രി മണ്‍സൂണ്‍ തകര്‍ത്തുപെയ്തു. രാവിലെ മയിലുകളുടെ അസുഖകരമായ കൂവല്‍ കേട്ടുണര്‍ന്നു. മഴ ഇടയ്ക്കിടെ പെയ്തുതോര്‍ന്നു. പാടത്തിനിടയിലൂടെ മഴ പെയ്തുണര്‍ത്തിയ നീര്‍ച്ചാലുകളിലൂടെ ഒരു നടത്തം. പ്രമോദിനും കുടുംബത്തിനും കുറച്ച് നെല്ലുണ്ട്, ജൈവകൃഷി രീതികള്‍ പിന്‍പറ്റുന്ന കുറച്ച് പറ നിലം. ചുറ്റുമുള്ള പാടങ്ങള്‍ അധികവും തരിശിട്ടിരിക്കുകയാണ്. നെല്‍കൃഷി പാപമാണെന്ന തോന്നല്‍ കൊണ്ടൊന്നുമല്ല നാട്ടുകാര്‍ ഇത് തരിശിട്ടിരിക്കുന്നത്.
മേലാഞ്ഞിട്ട്,
ഒക്കാഞ്ഞിട്ട്.
പാങ്ങില്ലാഞ്ഞിട്ട്.
റിയല്‍ എസ്റ്റേറ്റ് ബൂം നഗരാതിര്‍ത്തികളും കടന്ന് ഈ ഗ്രാമത്തിലും എത്തിയിരിക്കുന്നു. പ്രലോഭനങ്ങള്‍ തടുക്കാന്‍ മാത്രം ശക്തരല്ല നാട്ടുകാര്‍.
പക്ഷെ, പ്രമോദിന് ഒരു ആഗ്രഹം ഉണ്ട്. ഈ ചെറിയ തുണ്ടെങ്കിലും ബാക്കിനിര്‍ത്തണം. ഈ പാടം, തോടുകള്‍,തലക്കുളങ്ങള്‍, അടുത്തു തന്നെയുള്ള ഒരു കാവ്...മയിലുകള്‍..
അതൊരു റൊമാന്റിക് ഏര്‍പ്പാടല്ലെ, പ്രമോദെ?
ആയിരിക്കാം...പക്ഷെ, കുറെ നാള്‍ കഴിയുമ്പോള്‍ കുട്ടികള്‍ക്കു കാണിച്ചു കൊടുക്കാനെങ്കിലും ഒരു ഗ്രാമം നിലനില്‍ക്കേണ്ടേ?,ഒരു ലൈവ് മ്യൂസിയം!
ഈ ഉത്തരവുമായി പ്രമോദ് നിരവധി ചങ്ങാതിമാരെ സമീപിച്ചു. അവര്‍ മുപ്പതുപേരായി. വില്‍ക്കനിട്ടിരുന്ന വൃക്ഷനിബിഡമായ കാവ് അവര്‍ വാങ്ങി. അതിനി താനെ വളര്‍ന്നു പടരട്ടെ എന്നു തീരുമാനിച്ചു. കണ്‍സര്‍വേഷന്റെ ഒരു സ്വകാര്യ പരീക്ഷണം.
അതില്‍ നിന്ന് പാടത്തേക്ക് തിരിഞ്ഞു. ഇപ്പോള്‍ ആരെക്കണ്ടാലും പ്രമോദിന് ഒരു ചോദ്യമുണ്ട്. 'മാഷെ, ഒരു പറ നെലമുണ്ട്, നമുക്കങ്ങു വാങ്ങിയാലൊ'
പൊതു ഉടമസ്ഥതയില്‍ ഒരു ജൈവഗ്രാമം ഇവിടെ തളിര്‍ക്കുകയാണ്, കുറച്ച് പേരുടെ മനസ്സിലെങ്കിലും.
എങ്കിലും എന്റെ മനസ്സില്‍ ചോദ്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു. ഒരു ഗ്രാമത്തിനു പ്രകൃതി മാത്രമായി നിലനില്‍ക്കനാവുമൊ? ഗ്രാമത്തിന്റെ മൂല്യങ്ങള്‍ എന്നത് (എന്നെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്) ഏറിയ പങ്കും നഗരത്തിന്റെ ഗൃഹാതുര നിര്‍മ്മിതി ആണ് അത്. ഗ്രാമം പുതിയ സാമ്പത്തിക ബന്ധങ്ങളില്‍,പുതിയ സങ്കെതിക സാധ്യതകള്‍ നിരര്‍ഥകമാക്കിയ പഴയ മൂല്യവിചാരങ്ങളുടെ പരിസരങ്ങളിള്‍, സ്വതന്ത്ര ഇടങ്ങളില്‍, എങ്ങനെ നിലനില്‍ക്കും? ജൈവഗ്രാമം പ്രാദേശിക ടൂറിസ്റ്റിന്റെ ഗൃഹാതുരതകളെ മാത്രമാണൊ തഴുകിയുണര്‍ത്തുക?
ചോദ്യങ്ങള്‍ ഉള്ളില്‍ നിറഞ്ഞു കലഹിക്കുന്നതിനിടയില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും ഒരു ആണ്‍മയില്‍ പറന്നുയര്‍ന്ന് ദൂരെ ഒരു പരുത്തിമരത്തിന്റെ ഉച്ചിയിലേക്ക്...ക്യാമറ വേണ്ടത്ര തയ്യാറെടുത്തിരുന്നില്ല. എങ്കിലും വെറുതെ ക്ലിക്ക് ചെയ്തതില്‍ മനോഹരന്‍ പാറിപ്പതിഞ്ഞിരുന്നു, അവ്യക്തമായിട്ടാണെങ്കിലും.

എന്റെ ചോദ്യങ്ങള്‍ക്കുമീതെ മറ്റൊരു പ്രശ്നം ഉയര്‍ന്നു പൊങ്ങി. "എന്നാണു ഞാന്‍ ജൈവഗ്രാമം പ്രോജ്ക്റ്റിന്റെ ഭാഗമാവാന്‍ വേണ്ട പണം സ്വരൂപിക്കാന്‍ തുടങ്ങുക? ഒരു പറ നിലത്തില്‍ എന്റെ പങ്ക്..."
.....................
ജൈവഗ്രാമത്തെക്കുറിച്ച് അറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ ബന്ധപ്പെടുക
പ്രമോദ്: 9447674375