ചക്കും കൊക്കും ഒന്നായിപ്പോയല്ലൊ സഖാവെ!
"എ ഡി ബി എന്തു ചെയ്യുന്നു" എന്ന പുസ്തകം പ്രസിദ്ധീകരണത്തിന്റെ നാലാം മാസത്തില്‍ രണ്ടാം പതിപ്പ് ഇറങ്ങി. (കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ഗവേഷകരായ എസ് മുഹമ്മദ് ഇര്‍ഷാദും ആര്‍ സുനിലും ചേര്‍ന്നാണ് പുസ്തകം രചിച്ചത്) എ ഡി ബി മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രഹസ്യവും പരസ്യവുമായ അജണ്ടകളെ ഈ പുസ്തകം തുറന്നുകാട്ടുന്നു. അതുകൊണ്ടുതന്നെയാവണം മാധ്യമങ്ങളില്‍ നിന്നും പൊതുജനത്തില്‍ നിന്നും പുസ്തകത്തിനു നല്ല പ്രതികരണം ലഭിച്ചത്. ടി. പുസ്തകം കേരളത്തിലെ മിക്കവാറും എല്ലാ ബുക്സ്റ്റാളുകളിലും ലഭ്യമാണ്, ദേശാഭിമാനിയില്‍ ഒഴികെ. "പാര്‍ട്ടിക്കെതിരെയുള്ള പുസ്തകമൊന്നും ഇവിടെ വെയ്ക്കാന്‍ നിര്‍വാഹമില്ല"
ഈ പുസ്തകവുമായി ദേശാഭിമാനിയെ സമീപിച്ചപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന് എന്റെ സുഹൃത്തും എഴുത്തുകാരില്‍ ഒരാളുമായ ഇര്‍ഷാദ് പറയുന്നു.
"ഇതു പാര്‍ട്ടിക്കെതിരല്ല പക്ഷെ ഏ ഡി ബിയ്ക്ക് എതിരാണ് എന്നു സമ്മതിക്കുന്നു."
ഈ സംഭവം കേട്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വെളിപ്പെടുത്തിയ മറ്റൊരു അനുഭവം ആണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേരളത്തിലെ നാല്‍പത് സാംസ്കാരിക പ്രമുഖരും എഴുത്തുകാരും ഒരു സംയുക്ത പത്രപ്രസ്താവന ഇറക്കി. തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്നായിരുന്നു പ്രസ്താവന. ഈ പ്രസ്താവന പ്രസിദ്ധീകരിക്കാതിരുന്ന ഏക മലയാള പത്രം ദേശാഭിമാനിയായിരുന്നു. ഇടതു മുന്നണിയെ വിജയിപ്പിക്കുക വഴി കേരളത്തിലെ വോട്ടര്‍മാര്‍ ചെയ്തത് ഏറ്റവും വലിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍തതനമായിപ്പോയി.
എ ഡി ബിയെ പറഞ്ഞാലും കൊള്ളുന്നത് പാര്‍ട്ടിക്കുതന്നെ. ചക്കും കൊക്കും ഒന്നായിപ്പോയല്ലൊ സഖാവെ!