ഒരു പ്ലേറ്റ് മാരുതി
ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ നാടന്‍ കള്ളു ഷാപ്പുകളില്‍ മാരുതിക്ക് നല്ല ഡിമാന്റാണ്. ഏത് മോഡലിനും ആവശ്യക്കാര്‍ ഉണ്ട്. ഒരു പ്ലേറ്റ് മാരുതി എന്നാണ് ചോദിക്കേണ്ടത്.
ജീവിതത്തില്‍ ഒരു പക്ഷെ ആദ്യം കേട്ട കഥയില്‍ മുയലിനെ തോല്‍പിച്ച് മാതൃകയായ വീരശിങ്കമാണ് സ്വന്തം ഇറച്ചിക്കു പോലും കോപി റൈറ്റില്ലാതെ, എന്തിന് സ്വന്തം ബ്രാന്റ് നയിം പോലും നിഷേധിക്കപ്പെട്ട്...
കൂര്‍മാവതാരത്തിന്റെ ഇറച്ചിക്ക് വില അല്‍പം കൂടുതലാണ്. നിയമത്തിന് മേലെ കൊതി പറക്കുമ്പോള്‍ ഉണ്ടാകുന്ന രൂപയുടെ മൂല്യശോഷണം. ആമയിറച്ചി വില്‍ക്കരുത്, കൊടുക്കരുത്, തിന്നരുത് എന്നൊക്കെ നിയമവും കുന്തവുമൊക്കെയുണ്ടെങ്കിലും അതൊന്നും ആര്‍ത്തിക്കു തടസ്സമല്ല. കള്ളുകുടിക്കാര്‍ മാത്രമല്ല, വീടുകളിലേയ്ക്ക് പാഴ്സലായും മാരുതി ഇഷ്ടം പോലെ യാത്രചെയ്യുന്നുണ്ടത്രെ. ഇഴയാന്‍ മാത്രം അറിയുന്ന ഈ പാവങ്ങള്‍ക്കും ഓടാന്‍ മാത്രം അറിയുന്ന മുയലുകളുടെ ദുര്‍ഗ്ഗതിയായിപ്പോയി.

(ഞനൊരു മൃഗസ്നേഹിയൊ മേനകാ ഗാന്ധിയോ ഒന്നുമല്ല. സാമാന്യം ഭേദപ്പെട്ട ഒരു മാംസഭോജിയാണ്. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും എന്ന ക്ലീഷെ ഇടയ്ക്കിടെ എടുത്തുപയോഗിക്കാറുമുണ്ട്. പക്ഷെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന ഈ ആമയെക്കണ്ടപ്പോള്‍ എന്തൊ ഒരു വല്ലായ്മ.)
ചിത്രങ്ങള്‍: എറണാകുളത്തിനടുത്തുള്ള ഞാറയ്ക്കല്‍ പൊക്കാളിപ്പാടങ്ങള്‍ക്കരികെ നിന്ന് എടുത്തത്. കൊയ്ത്ത് കണ്ടു നടക്കുമ്പോഴാണ് തൈത്തെങ്ങില്‍ കയറിയിരിക്കുന്ന ആമയെക്കണ്ടത്. മരംകേറുന്ന കൂര്‍മ്മബുദ്ധിയെ അടുത്തുകാണാന്‍ ചെന്നപ്പോഴാണ് അനിരുദ്ധന്‍ ബന്ധനസ്ഥനാണ് എന്നറിഞ്ഞത്.
കൊയ്ത്തുകാര്‍ക്ക് രാവിലെ കിട്ടിയതാണ്. സന്ധ്യ വരെ പാവം തെങ്ങില്‍ വെയിലത്ത്..
"പണ്ടൊക്കെ ഇഷ്ടം പോലെ കിട്ടുമായിരുന്നു.. ഇപ്പൊ അധികം കാണാറില്ല.." കൊയ്ത്തുകാരിലൊരാള്‍ ഞങ്ങളുടെ കൗതുകം കണ്ട് പറഞ്ഞു.
എങ്ങനെ കിട്ടും...എല്ലാം മോഡല്‍ മാറി മാരുതിയായില്ലെ! :(
Labels: kerala, land turtles, wild life
വിളക്കുകാലിന്റെ നീതിബോധം
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് കേട്ടറിവ് മാത്രമെ ഉള്ളു എന്നത് ഇതു വരെ എനിക്ക് ഒരു കിരുകിരുപ്പ് ഉണ്ടാക്കിയിരുന്നു. ഇത്രയും മഹത്തായ ഭരണഘടന ലോകത്തൊരിടത്തും ഇല്ലെന്നു കേള്‍ക്കുമ്പോഴൊക്കെ അതിലുള്ള അജ്ഞത എന്നെ കുത്തിനോവിക്കുമായിരുന്നു.
പക്ഷെ ഇന്നു രാവിലെ പത്രം വായിച്ചപ്പോള്‍ ആ കുറ്റബോധം മാറിക്കിട്ടി. അഴിമതിക്കാരെ വിളക്കുകാലില്‍ തൂക്കിലിടണം എന്ന സുപ്രീം കോടതി പരാമര്‍ശം ആണ് എന്ന മഹത്തായ കുറ്റബോധത്തില്‍ നിന്നും രക്ഷിച്ചത്.
ചൈനയിലേക്ക് നോക്കൂ, അവിടെ 2004 ല്‍ 4000 പേരെ അഴിമതിക്കുറ്റത്തിന് തൂക്കിലേറ്റി എന്ന് ഹര്‍ഷോന്മാദത്തോടെ ബഹു. സുപ്രീം കോടതി ഓര്‍മിക്കുന്നു. ജഡ്ജിയാവുന്നെങ്കില്‍ ചൈനയിലെങ്ങാന്‍ ജനിക്കണമായിരുന്നു എന്ന ഒരു നഷ്ടബോധം ബഹു. കോടതിക്കു തോന്നിയിരിക്കണം!
ഒരു വര്‍ഷം 4000 പേരെ അഴിമതിക്കേസില്‍ മാത്രം തൂക്കിലിടുന്നതിന്റെ രസം ഒന്നു വേറെ തന്നെയായിരിക്കും! എന്നു ആത്മഗതം.
എതായാലും ഇന്ത്യന്‍ ഭരണഘടന അരച്ചു കലക്കിക്കുടിച്ച ജഡ്ജിമാര്‍ തന്നെ ഇങ്ങനെ പറയുന്ന കാലത്ത് ഭരണഘടന വായിക്കാതിരുന്നതു എത്ര നന്നായി എന്നു തോന്നുന്നു.