വിളക്കുകാലിന്റെ നീതിബോധം
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് കേട്ടറിവ് മാത്രമെ ഉള്ളു എന്നത് ഇതു വരെ എനിക്ക് ഒരു കിരുകിരുപ്പ് ഉണ്ടാക്കിയിരുന്നു. ഇത്രയും മഹത്തായ ഭരണഘടന ലോകത്തൊരിടത്തും ഇല്ലെന്നു കേള്‍ക്കുമ്പോഴൊക്കെ അതിലുള്ള അജ്ഞത എന്നെ കുത്തിനോവിക്കുമായിരുന്നു.
പക്ഷെ ഇന്നു രാവിലെ പത്രം വായിച്ചപ്പോള്‍ ആ കുറ്റബോധം മാറിക്കിട്ടി. അഴിമതിക്കാരെ വിളക്കുകാലില്‍ തൂക്കിലിടണം എന്ന സുപ്രീം കോടതി പരാമര്‍ശം ആണ് എന്ന മഹത്തായ കുറ്റബോധത്തില്‍ നിന്നും രക്ഷിച്ചത്.
ചൈനയിലേക്ക് നോക്കൂ, അവിടെ 2004 ല്‍ 4000 പേരെ അഴിമതിക്കുറ്റത്തിന് തൂക്കിലേറ്റി എന്ന് ഹര്‍ഷോന്മാദത്തോടെ ബഹു. സുപ്രീം കോടതി ഓര്‍മിക്കുന്നു. ജഡ്ജിയാവുന്നെങ്കില്‍ ചൈനയിലെങ്ങാന്‍ ജനിക്കണമായിരുന്നു എന്ന ഒരു നഷ്ടബോധം ബഹു. കോടതിക്കു തോന്നിയിരിക്കണം!
ഒരു വര്‍ഷം 4000 പേരെ അഴിമതിക്കേസില്‍ മാത്രം തൂക്കിലിടുന്നതിന്റെ രസം ഒന്നു വേറെ തന്നെയായിരിക്കും! എന്നു ആത്മഗതം.
എതായാലും ഇന്ത്യന്‍ ഭരണഘടന അരച്ചു കലക്കിക്കുടിച്ച ജഡ്ജിമാര്‍ തന്നെ ഇങ്ങനെ പറയുന്ന കാലത്ത് ഭരണഘടന വായിക്കാതിരുന്നതു എത്ര നന്നായി എന്നു തോന്നുന്നു.