ഈന്തപ്പന
Friday, November 09, 2007
  81 സെന്റും പ്രതാപികളായ പിതൃക്കളും ചുളുവിലയ്‌ക്ക്‌: ഈന്തപ്പന റിയല്‍ എസ്റ്റേറ്റ്‌
തൃശ്ശൂരില്‍ കുന്ദംകുളത്തിനടുത്ത്‌ കരിയാട്‌ എന്ന മനോഹരമായ പ്രദേശം. മനോഹരമായ നെല്‍പാടത്തോട്‌ ചേര്‍ന്നുള്ള എണ്‍പത്തിയൊന്ന്‌ സെന്റ്‌ കവുങ്ങിന്‍ തോട്ടം. അടുത്തുതന്നെ ഒഴുകുന്ന കരിയാട്‌ പുഴയിലെ തണുത്തവെള്ളത്തില്‍ ഒരുതവണ കാലെടുത്തുവെച്ചാല്‍ രണ്ടാമതൊന്ന്‌ അങ്ങനെ ചെയ്യണമെന്ന്‌ തോന്നിയാല്‍ നടക്കില്ലെന്നാണ്‌ കേള്‍വി. കഥയിലെ എണ്‍പത്തിയൊന്ന്‌ സെന്റിനോട്‌ ചേര്‍ന്നുള്ള സ്ഥലവും ഇപ്പറയുന്ന സ്ഥലവും ഒന്നായിരുന്ന കാലം ഉണ്ടായിരുന്നു. ഇതില്‍ കാരണവര്‍മാരെ കുടിയിരുത്തിയ ഒരു കാവും ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട്‌.)
കാവുള്‍പ്പെടെയുള്ള സ്ഥലം നേരത്തെ ഒരാള്‍ക്ക്‌ വിറ്റു. നാട്ടില്‍ പരക്കുന്ന വാര്‍ത്തയനുസരിച്ച്‌ വാങ്ങിച്ചയാള്‍ മുടിഞ്ഞുപോയി. അയാളത്‌ മറിച്ചുവിറ്റു. ഇത്തവണ വാങ്ങിയ ആള്‍ക്കും ഗതി അധോ. കിട്ടിയ കാശിന്‌ പറമ്പ്‌ പിന്നെയും മറിഞ്ഞു. ഇത്തവണ കൈയ്യില്‍ കിട്ടിയ ഭാഗ്യശാലിക്ക്‌ നിര്‍ഭാഗ്യം കൊണ്ട്‌ നില്‍ക്കപ്പൊറുതിയില്ലാതായി. ഇത്രയുമായപ്പോഴേക്കും നാട്ടില്‍പ്പാട്ട്‌ ഉച്ചത്തിലായി. `സഞ്ചാരമുള്ള സ്ഥലമാണ്‌, അതുകൊണ്ടാണ്‌ ആരും ഗതിപിടിക്കാത്തത്‌!'
എന്ത്‌ വിലയ്‌ക്ക്‌ കൊടുത്താലും വാങ്ങാനാളില്ലാതായി. റിയല്‍ എസ്റ്റേറ്റ്‌ ക്ലാസ്സിഫൈഡ്‌സില്‍ പരസ്യം കൊടുത്ത്‌ കാശുപോയതും കാത്തിരുന്നതും മിച്ചം. ഒടുവില്‍ നിര്‍ഭാഗ്യശാലിയായ ഉടമയുടെ മകന്‌ കടുത്ത ഒരു ബുദ്ധി തോന്നി. സ്ഥലം തൃശ്ശൂരിലെ ബ്ലേഡ്‌ കമ്പനിയില്‍ പണയം വെച്ചു. ബ്ലേഡുകാരോട്‌ പേശി പരമാവധി കാശ്‌ വാങ്ങിച്ചെടുത്തു. ആ പ്രദേശത്തെ ഏകദേശം വില ഊഹിച്ചുനോക്കിയ ബ്ലേഡുകാര്‍ നല്ല തുക തന്നെ നല്‍കി. ഒടുവില്‍ ഇടപാടുകാരന്‍ പണമടക്കാതായി, ജപ്‌തിയായി. ഉടമ സസന്തോഷം ബ്ലേഡുകാരന്‌ സ്ഥലം കൈമാറുകയും ഹാവൂൂൂ.... എന്ന്‌ നാട്ടുകാര്‍ കേള്‍ക്കെ നെടുവീര്‍പ്പിടുകയും ചെയ്‌തു. ബ്ലേഡുകാര്‍ ഇപ്പോള്‍ നെഞ്ചത്തടിയും നിലവിളിയുമായി..... (അല്ലെങ്കിലും അവര്‍ക്കതുവേണം!)
ഇനി തൊട്ടടുത്ത്‌ കിടക്കുന്ന എണ്‍പത്തിയൊന്ന്‌ സെന്റ്‌ സ്ഥലത്തേക്ക്‌. സഞ്ചാരം നടക്കുന്ന കാവ്‌ മുമ്പ്‌ ഉണ്ടായിരുന്ന സ്ഥലമായിരുന്നതുകൊണ്ട്‌ ഈ സ്ഥലത്തും `സഞ്ചാരം' ഉണ്ടെന്ന്‌ നാട്ടുകാര്‍. വില്‍ക്കാന്‍ പഠിച്ച പണി പലതും നോക്കിയിട്ടും സഞ്ചാരവും പിതൃക്കളും പിന്‍തുടര്‍ന്നു. കാവിന്‌ ചുറ്റുമുള്ള നാല്‌ സെന്റ്‌ വീതം നാല്‌ പ്ലോട്ടുകള്‍ സൗജന്യമായി ഭൂരഹിതര്‍ക്ക്‌ നല്‍കാമെന്ന്‌ കാണിച്ച്‌ ഉടമ പത്രത്തില്‍ പരസ്യം നല്‍കി. സൗജന്യഭൂമി വിതരണത്തെക്കുറിച്ച്‌ കേട്ടറിഞ്ഞെത്തിയ ഒരു ഭൂരഹിതന്‍ കരിയാട്‌ ബസ്‌ സ്റ്റോപ്പിലിറങ്ങി നേരെ ടി സ്ഥലത്തേക്കുള്ള മുന്നൂറ്‌ മീറ്റര്‍ നടക്കുന്നതിനിടയില്‍ സഞ്ചാരത്തെക്കുറിച്ചുള്ള വിവരവും അനുബന്ധകഥകളും അയാള്‍ അറിയുകയും കിട്ടിയ ബസിന്‌ തിരിച്ചുപോവുകയും ചെയ്‌തു. സഞ്ചാരം പരിപാടി തുടരുന്നു.
പതിനാറായിരം മുതല്‍ ഇരുപതിനായിരം രൂപവരെ സെന്റിന്‌ സ്ഥലവിലയുള്ള ആ പ്രദേശത്ത്‌ അയ്യായിരത്തില്‍താഴെ വിലയ്‌ക്ക്‌ കൊടുക്കാമെന്ന്‌ പറഞ്ഞിട്ടും സൗജന്യമായി നല്‍കാമെന്ന്‌ പറഞ്ഞിട്ടും എണ്‍പത്തിയൊന്ന്‌ സെന്റ്‌ കമുകിന്‍ തോട്ടം ആര്‍ക്കും വേണ്ടാതെ കിടക്കുന്നു. സുഹൃത്തുക്കളേ എണ്‍പത്തിയൊന്ന്‌ സെന്റിനൊപ്പം രസികന്‍മാരായ പിതൃക്കളേയും ഒറ്റയടിക്ക്‌ ചുളുവിലയ്‌ക്ക്‌ വാങ്ങുവാനുള്ള സുവര്‍ണ്ണാവസരമാണിത്‌. വേഗമാവട്ടെ.
.....................
സംശയിക്കേണ്ട, ഇത്‌ കേരളം തന്നെ!

Labels: , ,

 
Wednesday, October 31, 2007
  ബോബനും മോളിക്കും വയസ്സ്‌ അമ്പത്‌
രണ്ടുവര്‍ഷം മുമ്പ്‌ പ്രമുഖ നര്‍ത്തകി നീനാ പ്രസാദിനെ ഇന്റര്‍വ്യു ചെയ്യേണ്ടി വന്നു. മോഹിനിയാട്ടം പോയിട്ട്‌ നാടോടി നൃത്തത്തെക്കുറിച്ച്‌ പോലും എനിക്ക്‌ ക..മാന്ന്‌ അറിഞ്ഞുകൂടാ. എന്തുതുടങ്ങണം എങ്ങനെ തുടങ്ങണം എന്നോ എങ്ങനെ ചോദിച്ചുമുന്നേറണമെന്നോ അറിയില്ല. മാധവം എന്ന്‌ പേരിട്ട തിരുവനന്തപുരത്തെ വീട്ടില്‍ തണുത്ത നാരങ്ങാ വെള്ളവും രണ്ട്‌ ചെങ്കദളിപ്പഴങ്ങളും നല്‍കി അവര്‍ എന്നെ സ്വീകരിച്ചു. ഉപചാരങ്ങള്‍ കഴിഞ്ഞിട്ടും സംസാരം ലോകകാര്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. മോഹിനിയാട്ടത്തെക്കുറിച്ചും പുതിയ നൃത്ത ശില്‍പത്തെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോള്‍ അവര്‍ കടുത്ത മലയാളം പുറത്തെടുത്തു. അച്ചടിഭാഷയില്‍ അല്‍പം കടുത്ത ഗദ്യത്തിലായിരുന്നു അവരുടെ സംസാരം. രസം, ധ്വനി, ഭാവം എന്നിങ്ങനെ എനിക്ക്‌ മനസ്സിലാവാത്ത ഏതൊക്കെയോ കാര്യങ്ങള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.

അതിനിടയില്‍ വേണ്ടാതിരുന്നിട്ടും വലിയ രണ്ട്‌ ചെങ്കദളിയും ഞാന്‍ തീര്‍ത്തു. എനിക്ക്‌ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാന്‍ ജോലി ചെയ്‌തിരുന്ന സെലിബ്രിറ്റി മാഗസിന്‌ വേണ്ടിയിരുന്നത്‌- ഊഹിക്കാവുന്നതുപോലെ- അവരുടെ മേഖലയ്‌ക്ക്‌ പുറത്തുള്ള ഇഷ്‌ടങ്ങളും മറ്റുമായിരുന്നു.

മോഹിനിയാട്ടത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും പറഞ്ഞിരുന്നാല്‍ ഞാന്‍ തെണ്ടിപ്പോവും. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും മോഹിനിയാട്ടത്തില്‍ നിന്ന്‌ പുറത്തുകടന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ മോഹിനിയാട്ടത്തില്‍ ഹാസ്യാവിഷ്‌കരണത്തെക്കുറിച്ച്‌ ഞാനൊരു ചോദ്യമങ്ങിട്ടു. അബദ്ധമായിപ്പോവുമോ എന്ന്‌ ഒരു പേടിയുണ്ടായിരുന്നെങ്കിലും ഒരു ധൈര്യത്തിനങ്ങ്‌ ചോദിച്ചു. ആ ചൂണ്ട ഒന്ന്‌ നീട്ടിയിട്ട്‌ നോക്കിയപ്പോള്‍ നീനാ പ്രസാദ്‌ എന്ന ബോബനും മോളിയും ആരാധിക പുറത്തേക്ക്‌ വന്നു. എനിക്ക്‌ ആശ്വാസം.
ഒരുമണിക്കൂറിലധികം നീണ്ട സംസാരത്തിനിടയില്‍ രണ്ടുപേര്‍ക്കും പൊതുവായ ആദ്യത്തെ സംഗതി ബോബനും മോളിയും ആയിരുന്നു. മറ്റൊരു മാറ്റം കൂടി സംഭവിച്ചു, നീന പ്രസാദ്‌ പൊടുന്നനെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അതുവരെ കടുത്ത ഗദ്യമലയാളം സംസാരിച്ചിരുന്ന നീനാപ്രസദില്‍ നിന്ന്‌ യഥാര്‍ത്ഥ തിരുവനന്തപുരത്തുകാരി പൊട്ടിച്ചിരിച്ചുകൊണ്ട്‌ പുറത്തുവന്നു. ബോബനും മോളിയെയും കുറിച്ച്‌ ഞങ്ങള്‍ കുറച്ചധികം നേരം സംസാരിച്ചു. രണ്ടുമണിക്കൂറിലധികം നീണ്ട സംസാരം പിന്നീടങ്ങോട്ട്‌ കൂടുതല്‍ സൗഹൃദപൂര്‍ണവും ഊഷ്‌മളവുമായി.

-----

റ്റോംസിന്റെ ബോബനും മോളിക്കും അമ്പത്‌ വയസ്സാവുന്നു എന്ന വാര്‍ത്തയാണ്‌ ഈ സംഭവം ഓര്‍മ്മിപ്പിച്ചത്‌. മിമിക്രിയുഗം പിറക്കുന്നതിന്‌ മുമ്പ്‌ ചിരിയിലൂടെ സാമൂഹ്യവിമര്‍ശനം നടത്തിയ ബോബനും മോളിയും അരനൂറ്റാണ്ട്‌ പിന്നിടുന്നു. (റ്റോംസിന്റെ ബോബനും മോളിയും എന്നത്‌ അടിവരയിട്ടുതന്നെ വായിക്കണം. ബോബനേയും മോളിയെയും തട്ടിയെടുക്കാന്‍ മാത്തുക്കുട്ടിച്ചായനും മലയാളത്തിന്റെ സുപ്രഭാതവും നടത്തിയ വേലത്തരങ്ങള്‍ മറക്കാറായിട്ടില്ലല്ലോ.)
കടുത്ത രാഷ്‌ട്രീയ-ജീവിത വിമര്‍ശനങ്ങള്‍ നടത്തുന്ന ബോബനും മോളിക്കും കുട്ടനാടന്‍ മലയാളത്തെ ഭാഷയുടെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവന്നു എന്ന ക്രെഡിറ്റുകൂടി അവകാശപ്പെടാം. എം ടി അടക്കമുള്ളവര്‍ കൊണ്ടുവന്ന വള്ളുവനാടന്‍ അധീശ/ആഢ്യഭാഷ സാഹിത്യവും അരങ്ങും മാധ്യമങ്ങളും അടക്കിവാഴുന്ന കാലത്താണ്‌ നാട്ടുഭാഷയുടെ രൂക്ഷമായ സറ്റയര്‍ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട്‌ ബോബനും മോളിയും പഞ്ചായത്ത്‌ പ്രസിഡണ്ടും കൊച്ചമ്മയും കോണ്‍ട്രാക്‌ടറും ഒക്കെ നമ്മുടെ ഇടയില്‍ ജീവിച്ചത്‌, മലയാളികള്‍ക്ക്‌ പ്രിയങ്കരമായതും. ബോബനും മോളിയും വിശദമായ സാമൂഹ്യപഠനങ്ങള്‍ അര്‍ഹിക്കുന്നു.

o ബോബനും മോളിയും ഫാന്‍സ്‌ ക്ലബ്‌

o വെബ്‌ ലോകത്തില്‍

Labels: , ,

 
Tuesday, October 30, 2007
  മുല്ലപ്പെരിയാര്‍ ഇനിയും പൊട്ടാത്തതെന്തുകൊണ്ട്‌?
കഴിഞ്ഞ വര്‍ഷം ഇതേ സമയം വാര്‍ത്തകളില്‍ നിറഞ്ഞത്‌ മുല്ലപ്പെരിയാറിലെ വെള്ളം ഇഞ്ചോടിഞ്ച്‌ ഉയര്‍ന്നുകയറുന്നതായിരുന്നു. ഡാമിപ്പോള്‍ പൊട്ടിത്തെറിക്കുന്നതും നാലുജില്ലകള്‍ വെള്ളത്തിലാവുന്നതും പ്രതീക്ഷിച്ച്‌ കേരളം മനപ്പായസമുണ്ടു. കേരളസംസ്ഥാനത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ഉയരുന്ന വെള്ളക്കണക്കിന്റെ ലൈവ്‌ റിപ്പോര്‍ട്ടുകള്‍ നിറഞ്ഞു. വെണ്ടയ്‌ക്ക എമ്പാടും നിരന്നു. ആഴ്‌ചകളോളം വാര്‍ത്തകളില്‍ മുല്ലപ്പെരിയാറിന്റെ ജലനിലവാരം ആയിരുന്നു.
ചാനലുകള്‍ മുല്ലപ്പെരിയാറില്‍ കുടില്‍ കെട്ടി താമസിച്ചു. നൂറ്റിമുപ്പത്തിയാറ്‌- സംശയിക്കേണ്ട 136 അടി തന്നെ- അടി ഉയരുന്നതോടെ എല്ലാം തകരുമെന്നായിരുന്നു ഭയം പടര്‍ത്തിയ വാര്‍ത്തകള്‍. സര്‍ക്കാര്‍ ചാനലായ കൈരളി ക്രിക്കറ്റ്‌ ലൈവ്‌ സ്‌കോര്‍ കാണിക്കുന്ന സൂക്ഷ്‌മതയോടെ ഡാമില്‍ ഉയരുന്ന വെള്ളത്തിന്റെ വിവരം അപ്പപ്പോള്‍ അറിയാനായി സ്‌ക്രീനില്‍ അത്‌ ഇരുപത്തിനാല്‌ മണിക്കൂറും പ്രദര്‍ശിപ്പിച്ചു.
നെഞ്ചത്തടിച്ച്‌ കരഞ്ഞിട്ടും മന്ത്രിമാരും മുഖ്യമന്ത്രിയും പത്തിരുപത്‌ എം പിമാരും ഒക്കെ നിലവിളിച്ചുകരഞ്ഞിട്ടും അന്ന്‌ യാതൊരു പ്രയോജനവുമുണ്ടായില്ല. തമിഴ്‌നാട്‌ ലേശം പോലും കനിഞ്ഞില്ല. കലൈഞ്‌ജര്‍ ഇരുന്നിടത്തുനിന്ന്‌ അനങ്ങിയില്ല. കേരളം മുഴുവന്‍ ഒന്നടങ്കം താങ്ങുന്ന കേന്ദ്രവും പറഞ്ഞു, `ഞങ്ങള്‍ ഈ നാട്ടുകാരേയല്ല, ഇറ്റലിയില്‍ നിന്ന്‌ ദാ..ഇപ്പോ വന്നിറങ്ങിയതേ ഉള്ളു.'
ഇന്ന്‌ രാവിലെ മലയാളത്തിന്റെ സുപ്രഭാതം തുറന്നപ്പോള്‍ മൂന്നാംപേജില്‍ താഴെ രണ്ടുകോളത്തില്‍ ഒരു ചെറിയ വാര്‍ത്ത കണ്ടു. ``മുല്ലപ്പെരിയാര്‍ 136 അടി''. ടിവിയിലും ഇങ്ങനെ ഒരു വാര്‍ത്ത കണ്ടില്ലെന്നില്ല.
കഴിഞ്ഞവര്‍ഷത്തെ നൂറ്റിമുപ്പത്തിയാറ്‌ തന്നെയാണോ ഈ വര്‍ഷത്തേതെന്ന്‌ ഒരു ചിന്ന സംശയം. ആവാന്‍ വഴിയില്ല.
-----------------------------
മറ്റൊരു സംശയം കൂടി: പ്രജാക്ഷേമ തല്‍പരരായ സര്‍ക്കാരും മാധ്യമങ്ങളുമെല്ലാം മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെക്കുറിച്ച്‌ ഉല്‍ക്കണ്‌ഠപ്പെടുന്നത്‌ ന്യായം. എന്നാല്‍ ഇതേ നാവുകൊണ്ട്‌ നമ്മുടെ സ്വന്തം ഡാമുകളെക്കുറിച്ചുകൂടി പറയാത്തതെന്ത്‌? പ്രായം കൊണ്ട്‌ മുല്ലപ്പെരിയാറിനെക്കാള്‍ ചെറുപ്പമെങ്കിലും ബലക്ഷയത്തിന്റെ കാര്യത്തില്‍ മുല്ലനെ വെല്ലുന്ന ഡാമുകള്‍ നമ്മുടെ സ്വന്തം ഖജനാവുവിഴുങ്ങികള്‍ എത്രയോ കെട്ടിപ്പൊക്കിയിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി തന്നെ ഉദാഹരണം. മുല്ലപ്പെരിയാറിലെ ചോര്‍ച്ചയെപ്പറ്റി പറഞ്ഞ്‌ വാതോരാത്തവര്‍ തൃശ്ശൂരില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര ചെയ്‌ത്‌ ചിമ്മിനിവരെഒന്നുപോയി നോക്കണം എന്ന്‌ അഭ്യര്‍ത്ഥന.
ചിമ്മിനി ഡാമിലെ ചോര്‍ച്ച. വേനല്‍ക്കാലത്ത്‌. (വെള്ളം നേര്‍ത്തൊഴുകുന്ന ഭാഗം പായല്‍പിടിച്ചിരിക്കുന്നു.) മഴക്കാലത്ത്‌ ഈ ചോര്‍ച്ച ഗംഭീരമായിത്തന്നെ ആസ്വദിക്കാം.
മഴക്കാലത്ത്‌ ഡാമിന്റെ പുറം ഭിത്തിയിലൂടെ അസംഖ്യം ഫൗണ്ടനുകള്‍ കണ്ട്‌ സഞ്ചാരികള്‍ക്ക്‌ ആഹ്ലാദിക്കാം.
see some more pix from chimmony here

Labels: , , ,

 
Wednesday, October 03, 2007
  വിജയന്‍ മാഷിന്റെ മരണം ലൈവ്‌!!



വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതെഴുതുന്നതിന്‌ രണ്ടര മണിക്കൂര്‍ മുമ്പെങ്കിലും എം എന്‍ വിജയന്‍ മാഷ്‌ മരിച്ചുകഴിഞ്ഞു. പക്ഷേ, നമ്മുടെ ചാനലുകളില്‍ അദ്ദേഹം വീണുമരിച്ചുകൊണ്ടേയിരിക്കുകയാണ്‌, ഇപ്പോഴും.



മരണം ലൈവ്‌ ആയി കാണിക്കാന്‍ കിട്ടിയ സുവര്‍ണാവസരം! മരണത്തിലേക്കുള്ള ആ വീഴ്‌ച പുതിയ ലൈവ്‌ ന്യൂസ്‌ സംസ്‌കാരം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ വീണുകിട്ടിയ അവസരമായി. ഔചിത്യലേശമില്ലാതെ അതവര്‍ ഇപ്പോഴും ടെലികാസ്‌റ്റ്‌ ചെയ്‌തുകൊണ്ടേയിരിക്കുന്നു. ലൈവ്‌ ക്യാമറകള്‍ക്കുമുന്നില്‍ മരിക്കാനുള്ള ദുര്യോഗം എം എന്‍ വിജയനുണ്ടായി എന്നതാണ്‌ യഥാര്‍ത്ഥ ദുരന്തം എന്ന്‌ തോന്നിപ്പോവുന്നു. ഒരു സുഹൃത്ത്‌ പറഞ്ഞതുപോലെ പുതിയ ടെലിവിഷന്‍ സംസ്‌കാരത്തെ എന്നും വിമര്‍ശിച്ചുപോന്ന വിജയന്മാഷിന്‌ വിധിച്ചത്‌ ഒരു ലൈവ്‌ മരണം!!



സദ്ദാം ഹുസൈന്റെ മരണം ലൈവ്‌ കാണിച്ചതാണ്‌ ഓര്‍മ്മയിലെത്തുന്ന മറ്റൊരു ലൈവ്‌ മരണക്കാഴ്‌ച. ആ കൊലപാതകത്തിന്‌ ഒരു രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു എന്നെങ്കിലും പറയാം. അതായിരുന്നിരിക്കണം അതിന്റെ ന്യൂസ്‌ വാല്യു. അത്‌ ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്‌തതിന്റെ രാഷ്ട്രീയം മറ്റൊന്നാണെന്ന്‌ കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞിരുന്നു. വധശിക്ഷയ്‌ക്ക്‌ പ്രേരിപ്പിക്കുകയും അത്‌ ഇറാഖിലെ ഇസ്ലാമിക ഗവണ്‍മെന്റിനെക്കൊണ്ടുതന്നെ ചെയ്യിക്കുകയും ഒക്കെ ചെയ്‌തതിനുപിന്നിലെ സൂക്ഷ്‌മമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിദൂരവേധിയായ ചില സന്ദേശങ്ങള്‍ നല്‍കുക എന്നതുതന്നെയായിരുന്നു. ഇസ്ലാമിനെ പ്രാകൃതവല്‍കരിച്ച്‌ ചിത്രീകരിക്കുക എന്ന ലക്ഷ്യം സ്വന്തം കൈ നനയാതെ സൂക്ഷ്‌മതയോടെ അമേരിക്കന്‍ ബുദ്ധി ചെയ്യിക്കുകയായിരുന്നു.



എന്നാല്‍ വിജയന്‍ മാഷ്‌ കുഴഞ്ഞുവീണു മരിക്കുന്നത്‌ വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുന്നതില്‍ എന്താണ്‌ ന്യൂസ്‌ വാല്യു, ഒരു മരണത്തിന്റെ വിഷ്വലുകള്‍ ലൈവായിക്കിട്ടിയതിന്റെ പുകിലല്ലാതെ. ദൃശ്യമാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തകള്‍ക്ക്‌ ഇടയില്‍ വീണുകിട്ടുന്ന ഇത്തരം spectacles ആഘോഷിക്കാതെ തരമില്ലല്ലോ, ഞാന്‍ കൊടുത്തില്ലെങ്കില്‍ മറ്റവന്‍ കൊടുത്താലോ... (ഛേ, നേരത്തെ പറഞ്ഞിരുന്നെങ്കില്‍ OB വാന്‍ വരുത്താമായിരുന്നു! )


ഇവരുടെ ന്യൂസ്‌ ഡെസ്‌കിലിരിക്കുന്ന മൂത്താപ്പമാര്‍ എന്താണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌?



ഈയിടെ തൃശ്ശൂരില്‍ ചേറ്റുവയ്‌ക്കടുത്ത്‌ ഉത്സവത്തിനെത്തിയ ആന പാപ്പാനെ ചവിട്ടിയും കുത്തിയും കൊന്നു. ലോക്കല്‍ ടെലിവിഷന്‍ ചാനലുകാര്‍ ഉത്സവം ലൈവ്‌ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ആനയുടെ പരാക്രമങ്ങള്‍ ലൈവ്‌ ആയി. പാപ്പാനെ കുത്തിക്കൊല്ലുന്നതിന്റെ എക്‌സ്‌ക്ലൂസീവ്‌ രംഗങ്ങള്‍ അന്ന്‌ രാത്രി പ്രത്യേക ഷോ ഉണ്ടായിരുന്നു. പോരാത്തതിന്‌ അതിന്റെ സി ഡി. ഒന്നിന്‌ ഇരുന്നൂറ്‌ രൂപ വീതം വിലയിട്ട്‌ വില്‍ക്കുകയും ചെയ്‌തു.


വിജയന്‍ മാഷിന്റെ മരണദൃശ്യങ്ങള്‍ക്ക്‌ ആ ഗതി ഉണ്ടാകാതിരിക്കട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.





... ആ വാക്കുകളുടെ ഓര്‍മ്മയില്‍.

Labels: , , ,

 
Thursday, September 13, 2007
  സി പി എം മാതൃഭൂമി പ്രചരിപ്പിക്കുന്ന വിധം
സഖാവ്‌ സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ്‌ അബൂബക്കര്‍ സഖാവ്‌ തുടങ്ങിയവര്‍ക്ക്‌ സി പി എമ്മുമായി രഹസ്യബന്ധമുണ്ടെന്ന്‌ വാര്‍ത്ത പുറത്തുവിട്ട്‌ പാര്‍ട്ടി പ്രതിച്ഛായയ്‌ക്ക്‌ തന്നെ കളങ്കം വരുത്തിയ മാതൃഭൂമി പത്രത്തിന്‌ പ്രചാരം കൂട്ടുന്നതില്‍ സി പി എം വഹിക്കുന്ന സത്‌ുത്യര്‍ഹമായ പങ്കിനെപ്പറ്റി.

പാര്‍ട്ടിക്ക്‌ രണ്ടുകോടി ലോട്ടറി രാജാവ്‌ കൊടുത്തു എന്ന വാര്‍ത്ത ആദ്യപേജില്‍ നിരത്തുമ്പോള്‍ മാതൃഭൂമി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ആ വാര്‍ത്തയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുത്തനെ കൂട്ടുമെന്ന്‌.
തുടര്‍ച്ചയായി സി പി എം വിരുദ്ധ വാര്‍ത്തകള്‍ നല്‍കുക വഴി നിവൃത്തിയില്ലാതെ പാര്‍ട്ടിക്ക്‌ മാതൃഭൂമി എഡിറ്റര്‍ക്കെതിരെ വാമൊഴിവഴക്കത്തിന്റെ സൗന്ദര്യം പോലും വെളിപ്പെടുത്തേണ്ടി വന്നുവെന്നത്‌ സമകാലീന ചരിത്രം. വീരേന്ദ്രകുമാറിനെതിരെ ആരോപണങ്ങള്‍ കൊണ്ടൊരു പ്രത്യാക്രമണവും നടത്തിനോക്കി. വീരേന്ദ്രകുമാറിന്റെ സഹോദരിയെ പത്രവധം നടത്തി പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ചുവന്ന അധ്യായം തന്നെ രചിച്ചു. ഒടുവില്‍ പ്രകാശ്‌ കാരാട്ട്‌ നേരിട്ട്‌ വന്ന്‌ മാപ്പപേക്ഷ നടത്തി പ്രശ്‌നം ഒത്തുതീര്‍ത്തുവെന്നതും ചരിത്രം.
എന്നാല്‍ ഇതിനെല്ലാം പുറമെ മാതൃഭൂമിയെ കണ്ണൂരില്‍ നിന്നും തുരത്താന്‍ തന്നെ കേഡര്‍ പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടി മെമ്പര്‍മാര്‍ മാതൃഭൂമി നിര്‍ത്തണം എന്നായിരുന്നു പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പാര്‍ട്ടി നിര്‍ദ്ദേശം. അതുകൊണ്ട്‌ പാര്‍ട്ടിയിലെ പല മെമ്പര്‍മാര്‍ക്കും സത്യം അറിയാന്‍ ദേശാഭിമാനിയും കൈരളിയും മാത്രം ആശ്രയിക്കേണ്ട ഗതികേട്‌ ഉണ്ടായി.
അടുത്ത ഘട്ടം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും പ്രത്യേകിച്ച്‌ ഗ്രന്ഥശാലകളിലും മാതൃഭൂമിയ്‌ക്ക്‌ വിലക്ക്‌ കല്‍പിക്കുകയായിരുന്നു. പല ഗ്രന്ഥശാലകളിലും മാതൃഭൂമി ലഭിക്കാതായി.
സ്വാഭാവികമായും ദേശാഭിമാനിയോ മലയാള മനോരമയോ കാക്കത്തൊള്ളായിരം പത്രങ്ങളില്‍ ഏതെങ്‌്‌കിലുമോ കൂടുതല്‍ വില്‍ക്കേണ്ടതാണ്‌. എന്നാല്‍ സംഭവിച്ചത്‌ മറ്റൊന്നാണ്‌. മാതൃഭൂമിയുടെ സര്‍ക്കുലേഷന്‍ കണ്ണൂരില്‍ വര്‍ദ്ധിച്ചു.
‌സി പി എമ്മിന്റെ സ്വന്തം തട്ടകത്തില്‍ ഇങ്ങനെ സംഭവിച്ചതിന്റെ ഗുട്ടന്‍സ്‌ സിംപിളാണ്‌. (സാന്റിയാഗോ, ഫാരിസ്‌ വിഷയങ്ങളില്‍ മാതൃഭൂമി പുറത്തുവിട്ട വാര്‍ത്ത സത്യമായിരുന്നുവെന്ന്‌ പാര്‍ട്ടിക്ക്‌ സമ്മതിക്കേണ്ടി വന്നതിനു ശേഷം മാതൃഭൂമിയുടെ വിശ്വാസ്യത വര്‍ദ്ധിച്ചത്‌ മാത്രമല്ല ഇതിന്‌ കാരണം.) വായനശാലയിലും സ്ഥാപനങ്ങളിലും ഒന്നിലധികം ആളുകള്‍ കൈമാറി വായിച്ചിരുന്ന പത്രം ഒരു ചുവന്ന പ്രഭാതത്തില്‍ വരവ്‌ നിലയ്‌ക്കുന്നു. മാതൃഭൂമി ശീലമാക്കിയവര്‍ ഒരു ചായക്ക്‌ വെച്ച കാശ്‌ പത്രത്തിനായി ചെലവാക്കാന്‍ തീരുമാനിക്കുന്നു. ഒരു വായനശാലയിലെ സ്ഥിരം വായനക്കാരായ നൂറില്‍ പത്തുപേര്‍ ഇങ്ങനെ തീരുമാനിച്ചാല്‍ മാത്രം പത്രം ഒന്‍പത്‌ കോപ്പി അധികം വിറ്റുപോവില്ലേ.
പാര്‍ട്ടി സഖാക്കള്‍ക്ക്‌ പാര്‍ട്ടി ക്ലാസ്സില്‍ കമ്യൂണിസത്തിനൊപ്പം അല്‍പം കണക്കും കോമണ്‍സെന്‍സും പറഞ്ഞുകൊടുത്താല്‍ നന്നായിരുന്നു. ലാല്‍ സലാം.

സംശയദൃഷ്ടി: സ്വന്തമായി പത്രം, ദേശാഭിമാനി വാരിക, ചിന്ത, ദൃശ്യമാധ്യമരംഗത്ത്‌ വിപ്ലവം മുഴക്കിക്കൊണ്ടിരിക്കുന്ന മൂന്ന്‌ കൈരളി ചാനലുകള്‍. വര്‍ഗ്ഗ ബഹുജനസംഘടനകള്‍ക്കെല്ലാം മാസികകളും വാരികകളും. ഇത്രയൊക്കെ ഉണ്ടായിട്ടും ചില ഡൂക്കിലി മാധ്യമപ്രവര്‍ത്തകര്‍ സിന്‍ഡിക്കേറ്റുണ്ടാക്കി തകര്‍ക്കാന്‍ നോക്കുന്നതല്ലേ വിവരക്കേട്‌! പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്ത ഈ സിന്‍ഡിക്കേറ്റഡ്‌-എംബെഡഡ്‌ പത്രപ്രവര്‍ത്തകരെക്കുറിച്ച്‌ പിണറായി സഖാവ്‌ എന്തിനാണ്‌ ഇത്രയധികം വേവലാതിപ്പെടുന്നത്‌ എന്ന്‌ എനിക്കിതുവരെ മനസ്സിലായിട്ടില്ല.

ആ... അതൊക്കെപ്പോട്ടെ., ഒരു പരിപ്പുവടയുണ്ടോ സഖാവേ, ഒരു കട്ടന്‍ചായ കുടിക്കാന്‍?

Labels: , , , ,

 
Monday, September 10, 2007
  ആനയൂട്ട്‌, അവസാനത്തെ ഊട്ട്‌!!


അ, അമ്മ, ആ... ആന. ഇങ്ങനെയാണ്‌ അക്ഷരമാല മനസ്സിലുറച്ചുതുടങ്ങിയത്‌. അക്ഷരത്തോടൊപ്പം ആനയും ഉള്ളിലുറച്ചു. ഇതെന്റെ മാത്രം അനുഭവം അല്ല. ശരാശരി മലയാളിയുടെ കമ്പങ്ങളില്‍ ആന കടന്നുകൂടിയിട്ടുണ്ടെന്നതിന്‌ ഏറ്റവും വലിയ തെളിവ്‌ കൈരളിയിലെ ഇ-ഫോര്‍-എലിഫെന്റ്‌ എന്ന പരിപാടിയുടെ ജനപ്രിയത തന്നെ.

ആനപ്രേമം കലശലല്ലെങ്കിലും ആനയെക്കണ്ടാല്‍ ഒന്നുനോക്കി നിന്നുപോവും। ആന എന്നു രണ്ടക്ഷരം എഴുതിക്കണ്ടാല്‍ വായിച്ചുപോവും। വീട്ടിലേക്കുള്ള യാത്രകളില്‍ വഴിയില്‍ സാജ്‌ ടിമ്പേഴ്‌സ്‌ എന്ന മരമില്ല്‌ ഉണ്ട്‌। ബസില്‍ പോവുമ്പോള്‍ സാജിലേക്ക്‌ കണ്ണ്‌ അറിയാതെ ചെല്ലും। അവിടെ അവന്‍ നില്‍പുണ്ടാവും. സാജ്‌ ടിമ്പേഴ്‌സിന്റെ പ്രസാദ്‌ എന്ന ആന. പാവത്താന്‍. (എല്ലാ ആനകളും പാവത്താന്‍മാര്‍ തന്നെ.) വളരെ ശാന്തനും ഇണക്കവും ഉള്ളവനായിരുന്നു അവന്‍. ഇനി ഭൂതകാലത്തില്‍ വേണം പറയാന്‍. പശുവിനെ മേയാന്‍ വിടുന്നതുപോലെ അവനെ വെറുതെ അഴിച്ചുവിടാം. അത്രയും നിരുപദ്രവകാരി എന്നാണ്‌ അവന്റെ ഇമേജ്‌. അടുത്തുള്ള കുട്ടികളോടൊക്കെ അവന്‌ വലിയ കൂട്ടായിരുന്നു. ഈയടുത്ത്‌ വീട്ടില്‍ ചെന്നപ്പോള്‍ അടുത്തുള്ള ചങ്ങാതി പറഞ്ഞു, "എടാ സാജ്‌ ടിമ്പേഴ്‌സിന്റെ .... ചെരിഞ്ഞതറിഞ്ഞില്ലേ" പത്രത്തിലൊക്കെ വലിയ വാര്‍ത്തയായെങ്കിലും ഞാനത്‌ അറിഞ്ഞിരുന്നില്ല "എന്താ പറ്റിയത്‌്‌..."എരണ്ടക്കെട്ടാണെന്നാ കേട്ടത്‌.. പ്രാക്ക്‌..."ഉള്ളില്‍ വലിയ വിഷമം തോന്നി പിന്നീട്‌ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, ഒരു ആനയൂട്ടിന്റെ കൊലച്ചോറാണ്‌ അവന്റെ അന്ത്യത്തിന്‌ കാരണമെന്ന്‌.. കേരളത്തില്‍ പടര്‍ന്നുപിടിച്ച ആനപ്രേമത്തിന്റെയും അനുബന്ധ ബിസിനസ്സുകളുടെയും ഇരയായിരുന്നു പ്രസാദും. ആനയൂട്ട്‌ എന്ന ചടങ്ങ്‌ വലിയ ആഘോഷത്തോടെ, അമ്പലത്തിന്റെയും അമ്പലക്കമ്മിറ്റിക്കാരുടെ ആഢ്യത്വത്തിന്റെയും പ്രദര്‍ശന വേളയായിത്തീരുമ്പോഴാണ്‌ ഈ ദുരന്തം സംഭവിക്കുന്നത്‌. ആന സ്‌നേഹം കൂടുമ്പോള്‍ അതിന്‌ ദഹിക്കാത്ത അവിലും ശര്‍ക്കരയും മലരും പഴവും ഒക്കെ കൂട്ടിക്കുഴച്ച്‌ കൊടുക്കുന്നു. ഓരോ ഭക്തനും ഇഷ്ടം പോലെ. ആനയെ തൊടാനും ഊട്ടാനും ഉള്ള ആവേശത്തില്‍ തോട്ടിമുനയുടെ ഭീഷണിയില്‍ നിന്ന്‌ പാവം മിണ്ടാപ്രാണികള്‍ അതെല്ലാം അകത്താക്കുന്നു. അകത്തെത്തുന്ന ഈ അവില്‍-മലര്‍-ശര്‍ക്കര മിശ്രിതം കോണ്‍ക്രീറ്റിന്റെ ബലത്തോടെ ആനയുടെ കുടലില്‍ കെട്ടിക്കിടന്ന്‌ മരണകാരണമാവുന്നു. സാജിന്റെ ആനയുടെ കുടലില്‍ നിന്ന്‌ ദഹിക്കാത്ത ഈ കോണ്‍ക്രീറ്റ്‌ മിശ്രിതം ഒന്നര അടി നീളത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടെം ചെയ്‌തപ്പോള്‍ കിട്ടിയത്രെ. ആനയൂട്ട്‌ വേളകളിലെ പ്രധാന ആകര്‍ഷണം കുഞ്ഞാനകളാണ്‌. ഓരോ ആനയൂട്ട്‌ സീസണും അതിജീവിക്കുന്ന കുഞ്ഞാനകളുടെ എണ്ണം കുറവാണെന്ന്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്‌ദര്‍ പറയുന്നു. ഈ അവില്‍-മലര്‍-കോണ്‍ക്രീറ്റ്‌ മിശ്രിതം കൊന്നൊടുക്കിയ നാട്ടാനകളുടെ എണ്ണം ചെറുതല്ല. ആനയൂട്ട്‌ തികച്ചും അശാസ്‌ത്രീയമായ കൊലച്ചോറാണ്‌ എന്ന്‌ മൃഗസ്‌നേഹികള്‍ പറയാന്‍ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. എന്നിട്ടും ഈ ഒടുക്കത്തെ ഊട്ട്‌ കൂടുതല്‍ ജനകീയമാവുന്നുവെന്നതാണ്‌ ഏറെ ഖേദകരം.


Labels: , ,

 
Wednesday, September 05, 2007
 
dreams Questioned


പത്തൊമ്പത്‌ കലാകാരി/രന്‍മാരുടെ പ്രദര്‍ശനം
കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറിയില്‍
സെപ്‌തം.4 മുതല്‍ 10 വരെ

Labels: , ,

 
Saturday, June 30, 2007
 
സി പി ഐ (എം)
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇല്ല (മരിച്ചു)

Labels: , ,

 
Saturday, May 26, 2007
 
ഭൂമിയിലെ ഏറ്റവും ചെറിയ മാമ്പഴം?
ഇത്‌ ഒറിജിനല്‍ കടുകുമാങ്ങ. ഇടത്തരം നെല്ലിക്കാ വലുപ്പം.
ശരാശരി വലുപ്പമുള്ള വായുള്ളവര്‍ക്ക്‌ കൂളായി മൂന്നുമാമ്പഴം ഒരേസമയം അകത്താക്കാം.

ചെറുതാണ്‌ സുന്ദരം എന്നല്ലേ ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത്‌.. പക്ഷെ കടുകുമാങ്ങയ്ക്ക്‌ അതിനൊരു ഭേദഗതി നിര്‍ദ്ദേശിക്കാനുണ്ട്‌. ചെറുതാനു സുന്ദരം, രുചികരവും..എന്ന് ടി.വാചകം മാറ്റിവായിക്കേണ്ടതാണ്‌.
അച്ചാര്‍ പ്രിയരഞ്ജന്‍ലാല്‍മാര്‍ക്ക്‌ ഇവനാണ്‌ മാങ്ങകളില്‍ ഗുരുവായൂര്‍ പദ്മനാഭന്‍. അച്ചാര്‍ പാര്‍ട്ടികള്‍ക്ക്‌ പിടി കൊടുക്കാതെ പഴുത്തുമൂത്തുകിട്ടിയാല്‍ ഈ ഇത്തിരിക്കുഞ്ഞന്‍ വായില്‍ നെഹ്രുട്രോഫി നടത്തും


Labels: ,

 
Monday, April 16, 2007
 
first drops in summer

Labels: , ,

 
Tuesday, March 13, 2007
 
ഒരു പ്ലേറ്റ്‌ മാരുതി

ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ നാടന്‍ കള്ളു ഷാപ്പുകളില്‍ മാരുതിക്ക്‌ നല്ല ഡിമാന്റാണ്‌. ഏത്‌ മോഡലിനും ആവശ്യക്കാര്‍ ഉണ്ട്‌.
ഒരു പ്ലേറ്റ്‌ മാരുതി എന്നാണ്‌ ചോദിക്കേണ്ടത്‌.
ജീവിതത്തില്‍ ഒരു പക്ഷെ ആദ്യം കേട്ട കഥയില്‍ മുയലിനെ തോല്‍പിച്ച്‌ മാതൃകയായ വീരശിങ്കമാണ്‌ സ്വന്തം ഇറച്ചിക്കു പോലും കോപി റൈറ്റില്ലാതെ, എന്തിന്‌ സ്വന്തം ബ്രാന്റ്‌ നയിം പോലും നിഷേധിക്കപ്പെട്ട്‌...
കൂര്‍മാവതാരത്തിന്റെ ഇറച്ചിക്ക്‌ വില അല്‍പം കൂടുതലാണ്‌. നിയമത്തിന്‌ മേലെ കൊതി പറക്കുമ്പോള്‍ ഉണ്ടാകുന്ന രൂപയുടെ മൂല്യശോഷണം. ആമയിറച്ചി വില്‍ക്കരുത്‌, കൊടുക്കരുത്‌, തിന്നരുത്‌ എന്നൊക്കെ നിയമവും കുന്തവുമൊക്കെയുണ്ടെങ്കിലും അതൊന്നും ആര്‍ത്തിക്കു തടസ്സമല്ല. കള്ളുകുടിക്കാര്‍ മാത്രമല്ല, വീടുകളിലേയ്ക്ക്‌ പാഴ്സലായും മാരുതി ഇഷ്ടം പോലെ യാത്രചെയ്യുന്നുണ്ടത്രെ. ഇഴയാന്‍ മാത്രം അറിയുന്ന ഈ പാവങ്ങള്‍ക്കും ഓടാന്‍ മാത്രം അറിയുന്ന മുയലുകളുടെ ദുര്‍ഗ്ഗതിയായിപ്പോയി.








(ഞനൊരു മൃഗസ്നേഹിയൊ മേനകാ ഗാന്ധിയോ ഒന്നുമല്ല. സാമാന്യം ഭേദപ്പെട്ട ഒരു മാംസഭോജിയാണ്‌. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും എന്ന ക്ലീഷെ ഇടയ്ക്കിടെ എടുത്തുപയോഗിക്കാറുമുണ്ട്‌. പക്ഷെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന ഈ ആമയെക്കണ്ടപ്പോള്‍ എന്തൊ ഒരു വല്ലായ്മ.)
ചിത്രങ്ങള്‍: എറണാകുളത്തിനടുത്തുള്ള ഞാറയ്ക്കല്‍ പൊക്കാളിപ്പാടങ്ങള്‍ക്കരികെ നിന്ന് എടുത്തത്‌. കൊയ്ത്ത്‌ കണ്ടു നടക്കുമ്പോഴാണ്‌ തൈത്തെങ്ങില്‍ കയറിയിരിക്കുന്ന ആമയെക്കണ്ടത്‌. മരംകേറുന്ന കൂര്‍മ്മബുദ്ധിയെ അടുത്തുകാണാന്‍ ചെന്നപ്പോഴാണ്‌ അനിരുദ്ധന്‍ ബന്ധനസ്ഥനാണ്‌ എന്നറിഞ്ഞത്‌. കൊയ്ത്തുകാര്‍ക്ക്‌ രാവിലെ കിട്ടിയതാണ്‌. സന്ധ്യ വരെ പാവം തെങ്ങില്‍ വെയിലത്ത്‌..
"പണ്ടൊക്കെ ഇഷ്ടം പോലെ കിട്ടുമായിരുന്നു.. ഇപ്പൊ അധികം കാണാറില്ല.." കൊയ്ത്തുകാരിലൊരാള്‍ ഞങ്ങളുടെ കൗതുകം കണ്ട്‌ പറഞ്ഞു.
എങ്ങനെ കിട്ടും...എല്ലാം മോഡല്‍ മാറി മാരുതിയായില്ലെ! :(

Labels: , ,

 
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.