ഈന്തപ്പന
Monday, September 10, 2007
  ആനയൂട്ട്‌, അവസാനത്തെ ഊട്ട്‌!!


അ, അമ്മ, ആ... ആന. ഇങ്ങനെയാണ്‌ അക്ഷരമാല മനസ്സിലുറച്ചുതുടങ്ങിയത്‌. അക്ഷരത്തോടൊപ്പം ആനയും ഉള്ളിലുറച്ചു. ഇതെന്റെ മാത്രം അനുഭവം അല്ല. ശരാശരി മലയാളിയുടെ കമ്പങ്ങളില്‍ ആന കടന്നുകൂടിയിട്ടുണ്ടെന്നതിന്‌ ഏറ്റവും വലിയ തെളിവ്‌ കൈരളിയിലെ ഇ-ഫോര്‍-എലിഫെന്റ്‌ എന്ന പരിപാടിയുടെ ജനപ്രിയത തന്നെ.

ആനപ്രേമം കലശലല്ലെങ്കിലും ആനയെക്കണ്ടാല്‍ ഒന്നുനോക്കി നിന്നുപോവും। ആന എന്നു രണ്ടക്ഷരം എഴുതിക്കണ്ടാല്‍ വായിച്ചുപോവും। വീട്ടിലേക്കുള്ള യാത്രകളില്‍ വഴിയില്‍ സാജ്‌ ടിമ്പേഴ്‌സ്‌ എന്ന മരമില്ല്‌ ഉണ്ട്‌। ബസില്‍ പോവുമ്പോള്‍ സാജിലേക്ക്‌ കണ്ണ്‌ അറിയാതെ ചെല്ലും। അവിടെ അവന്‍ നില്‍പുണ്ടാവും. സാജ്‌ ടിമ്പേഴ്‌സിന്റെ പ്രസാദ്‌ എന്ന ആന. പാവത്താന്‍. (എല്ലാ ആനകളും പാവത്താന്‍മാര്‍ തന്നെ.) വളരെ ശാന്തനും ഇണക്കവും ഉള്ളവനായിരുന്നു അവന്‍. ഇനി ഭൂതകാലത്തില്‍ വേണം പറയാന്‍. പശുവിനെ മേയാന്‍ വിടുന്നതുപോലെ അവനെ വെറുതെ അഴിച്ചുവിടാം. അത്രയും നിരുപദ്രവകാരി എന്നാണ്‌ അവന്റെ ഇമേജ്‌. അടുത്തുള്ള കുട്ടികളോടൊക്കെ അവന്‌ വലിയ കൂട്ടായിരുന്നു. ഈയടുത്ത്‌ വീട്ടില്‍ ചെന്നപ്പോള്‍ അടുത്തുള്ള ചങ്ങാതി പറഞ്ഞു, "എടാ സാജ്‌ ടിമ്പേഴ്‌സിന്റെ .... ചെരിഞ്ഞതറിഞ്ഞില്ലേ" പത്രത്തിലൊക്കെ വലിയ വാര്‍ത്തയായെങ്കിലും ഞാനത്‌ അറിഞ്ഞിരുന്നില്ല "എന്താ പറ്റിയത്‌്‌..."എരണ്ടക്കെട്ടാണെന്നാ കേട്ടത്‌.. പ്രാക്ക്‌..."ഉള്ളില്‍ വലിയ വിഷമം തോന്നി പിന്നീട്‌ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, ഒരു ആനയൂട്ടിന്റെ കൊലച്ചോറാണ്‌ അവന്റെ അന്ത്യത്തിന്‌ കാരണമെന്ന്‌.. കേരളത്തില്‍ പടര്‍ന്നുപിടിച്ച ആനപ്രേമത്തിന്റെയും അനുബന്ധ ബിസിനസ്സുകളുടെയും ഇരയായിരുന്നു പ്രസാദും. ആനയൂട്ട്‌ എന്ന ചടങ്ങ്‌ വലിയ ആഘോഷത്തോടെ, അമ്പലത്തിന്റെയും അമ്പലക്കമ്മിറ്റിക്കാരുടെ ആഢ്യത്വത്തിന്റെയും പ്രദര്‍ശന വേളയായിത്തീരുമ്പോഴാണ്‌ ഈ ദുരന്തം സംഭവിക്കുന്നത്‌. ആന സ്‌നേഹം കൂടുമ്പോള്‍ അതിന്‌ ദഹിക്കാത്ത അവിലും ശര്‍ക്കരയും മലരും പഴവും ഒക്കെ കൂട്ടിക്കുഴച്ച്‌ കൊടുക്കുന്നു. ഓരോ ഭക്തനും ഇഷ്ടം പോലെ. ആനയെ തൊടാനും ഊട്ടാനും ഉള്ള ആവേശത്തില്‍ തോട്ടിമുനയുടെ ഭീഷണിയില്‍ നിന്ന്‌ പാവം മിണ്ടാപ്രാണികള്‍ അതെല്ലാം അകത്താക്കുന്നു. അകത്തെത്തുന്ന ഈ അവില്‍-മലര്‍-ശര്‍ക്കര മിശ്രിതം കോണ്‍ക്രീറ്റിന്റെ ബലത്തോടെ ആനയുടെ കുടലില്‍ കെട്ടിക്കിടന്ന്‌ മരണകാരണമാവുന്നു. സാജിന്റെ ആനയുടെ കുടലില്‍ നിന്ന്‌ ദഹിക്കാത്ത ഈ കോണ്‍ക്രീറ്റ്‌ മിശ്രിതം ഒന്നര അടി നീളത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടെം ചെയ്‌തപ്പോള്‍ കിട്ടിയത്രെ. ആനയൂട്ട്‌ വേളകളിലെ പ്രധാന ആകര്‍ഷണം കുഞ്ഞാനകളാണ്‌. ഓരോ ആനയൂട്ട്‌ സീസണും അതിജീവിക്കുന്ന കുഞ്ഞാനകളുടെ എണ്ണം കുറവാണെന്ന്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്‌ദര്‍ പറയുന്നു. ഈ അവില്‍-മലര്‍-കോണ്‍ക്രീറ്റ്‌ മിശ്രിതം കൊന്നൊടുക്കിയ നാട്ടാനകളുടെ എണ്ണം ചെറുതല്ല. ആനയൂട്ട്‌ തികച്ചും അശാസ്‌ത്രീയമായ കൊലച്ചോറാണ്‌ എന്ന്‌ മൃഗസ്‌നേഹികള്‍ പറയാന്‍ തുടങ്ങിയിട്ട്‌ കാലം കുറച്ചായി. എന്നിട്ടും ഈ ഒടുക്കത്തെ ഊട്ട്‌ കൂടുതല്‍ ജനകീയമാവുന്നുവെന്നതാണ്‌ ഏറെ ഖേദകരം.


Labels: , ,

 
Comments:
പ്രിയ സോദരാ..
ഇത് വായിക്കാന്‍ ഇത്തിരി വൈകി..
തികച്ചും ജനശ്രദ്ധ കിട്ടേണ്ട വിഷയം.
ആനയൂട്ടിനെ പറ്റി അറിവുള്ള ആരെങ്കിലും കൂടി കമന്റിയിരുന്നെങ്കില്‍..
ശരിക്കും ആനയൂട്ട് ഇത്രക്ക് അപകടമാണെങ്കില്‍
ഒരു പൊതുതാല്പര്യ ഹര്‍ജ്ജി കൊടുത്തെങ്കിലും ഇത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
നല്ല പോസ്റ്റ്. ഇതു വായിച്ചപ്പോള്‍‌ ഞങ്ങളുടെ അടുത്ത് ആനയുടെ കുത്തേറ്റ് മരിച്ച ഒരു പാപ്പാനെ ഓര്‍‌മ്മ വന്നു.
:(
 
ആനയൂട്ടിന് ഇങ്ങനെ ഒരു വശം ഉണ്ടെന്ന് അറിയില്ലായിരുന്നു.ശ്രദ്ധയില്‍ കൊണ്ടു വന്നതിന് നന്ദി.
 
മറ്റൊരു ആനയൂട്ടിന്റെ സീസൺ.. വീണ്ടും സാജ് പ്രസാദ് ഓർമ്മയിൽ എത്തുന്നു.
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.