വിജയന്‍ മാഷിന്റെ മരണം ലൈവ്!!

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇതെഴുതുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പെങ്കിലും എം എന്‍ വിജയന്‍ മാഷ് മരിച്ചുകഴിഞ്ഞു. പക്ഷേ, നമ്മുടെ ചാനലുകളില്‍ അദ്ദേഹം വീണുമരിച്ചുകൊണ്ടേയിരിക്കുകയാണ്, ഇപ്പോഴും.
മരണം ലൈവ് ആയി കാണിക്കാന്‍ കിട്ടിയ സുവര്‍ണാവസരം! മരണത്തിലേക്കുള്ള ആ വീഴ്‌ച പുതിയ ലൈവ് ന്യൂസ് സംസ്‌കാരം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വീണുകിട്ടിയ അവസരമായി. ഔചിത്യലേശമില്ലാതെ അതവര്‍ ഇപ്പോഴും ടെലികാസ്‌റ്റ് ചെയ്‌തുകൊണ്ടേയിരിക്കുന്നു. ലൈവ് ക്യാമറകള്‍ക്കുമുന്നില്‍ മരിക്കാനുള്ള ദുര്യോഗം എം എന്‍ വിജയനുണ്ടായി എന്നതാണ് യഥാര്‍ത്ഥ ദുരന്തം എന്ന് തോന്നിപ്പോവുന്നു. ഒരു സുഹൃത്ത് പറഞ്ഞതുപോലെ പുതിയ ടെലിവിഷന്‍ സംസ്‌കാരത്തെ എന്നും വിമര്‍ശിച്ചുപോന്ന വിജയന്മാഷിന് വിധിച്ചത് ഒരു ലൈവ് മരണം!!
സദ്ദാം ഹുസൈന്റെ മരണം ലൈവ് കാണിച്ചതാണ് ഓര്‍മ്മയിലെത്തുന്ന മറ്റൊരു ലൈവ് മരണക്കാഴ്‌ച. ആ കൊലപാതകത്തിന് ഒരു രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നു എന്നെങ്കിലും പറയാം. അതായിരുന്നിരിക്കണം അതിന്റെ ന്യൂസ് വാല്യു. അത് ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്‌തതിന്റെ രാഷ്ട്രീയം മറ്റൊന്നാണെന്ന് കുറെപ്പേരെങ്കിലും തിരിച്ചറിഞ്ഞിരുന്നു. വധശിക്ഷയ്‌ക്ക് പ്രേരിപ്പിക്കുകയും അത് ഇറാഖിലെ ഇസ്ലാമിക ഗവണ്‍മെന്റിനെക്കൊണ്ടുതന്നെ ചെയ്യിക്കുകയും ഒക്കെ ചെയ്‌തതിനുപിന്നിലെ സൂക്ഷ്‌മമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിദൂരവേധിയായ ചില സന്ദേശങ്ങള്‍ നല്‍കുക എന്നതുതന്നെയായിരുന്നു. ഇസ്ലാമിനെ പ്രാകൃതവല്‍കരിച്ച് ചിത്രീകരിക്കുക എന്ന ലക്ഷ്യം സ്വന്തം കൈ നനയാതെ സൂക്ഷ്‌മതയോടെ അമേരിക്കന്‍ ബുദ്ധി ചെയ്യിക്കുകയായിരുന്നു.
എന്നാല്‍ വിജയന്‍ മാഷ് കുഴഞ്ഞുവീണു മരിക്കുന്നത് വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുന്നതില്‍ എന്താണ് ന്യൂസ് വാല്യു, ഒരു മരണത്തിന്റെ വിഷ്വലുകള്‍ ലൈവായിക്കിട്ടിയതിന്റെ പുകിലല്ലാതെ. ദൃശ്യമാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ക്ക് ഇടയില്‍ വീണുകിട്ടുന്ന ഇത്തരം spectacles ആഘോഷിക്കാതെ തരമില്ലല്ലോ, ഞാന്‍ കൊടുത്തില്ലെങ്കില്‍ മറ്റവന്‍ കൊടുത്താലോ... (ഛേ, നേരത്തെ പറഞ്ഞിരുന്നെങ്കില്‍ OB വാന്‍ വരുത്താമായിരുന്നു! )
ഇവരുടെ ന്യൂസ് ഡെസ്‌കിലിരിക്കുന്ന മൂത്താപ്പമാര്‍ എന്താണ് ചെയ്‌തുകൊണ്ടിരിക്കുന്നത്?
ഈയിടെ തൃശ്ശൂരില്‍ ചേറ്റുവയ്‌ക്കടുത്ത് ഉത്സവത്തിനെത്തിയ ആന പാപ്പാനെ ചവിട്ടിയും കുത്തിയും കൊന്നു. ലോക്കല്‍ ടെലിവിഷന്‍ ചാനലുകാര്‍ ഉത്സവം ലൈവ് ചിത്രീകരിക്കുന്നുണ്ടായിരുന്നു. ആനയുടെ പരാക്രമങ്ങള്‍ ലൈവ് ആയി. പാപ്പാനെ കുത്തിക്കൊല്ലുന്നതിന്റെ എക്‌സ്‌ക്ലൂസീവ് രംഗങ്ങള്‍ അന്ന് രാത്രി പ്രത്യേക ഷോ ഉണ്ടായിരുന്നു. പോരാത്തതിന് അതിന്റെ സി ഡി. ഒന്നിന് ഇരുന്നൂറ് രൂപ വീതം വിലയിട്ട് വില്‍ക്കുകയും ചെയ്‌തു.
വിജയന്‍ മാഷിന്റെ മരണദൃശ്യങ്ങള്‍ക്ക് ആ ഗതി ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
... ആ വാക്കുകളുടെ ഓര്‍മ്മയില്‍.
Labels: kerala, live telecast, m n vijayan, media ethics