ബോബനും മോളിക്കും വയസ്സ് അമ്പത്

രണ്ടുവര്‍ഷം മുമ്പ് പ്രമുഖ നര്‍ത്തകി നീനാ പ്രസാദിനെ ഇന്റര്‍വ്യു ചെയ്യേണ്ടി വന്നു. മോഹിനിയാട്ടം പോയിട്ട് നാടോടി നൃത്തത്തെക്കുറിച്ച് പോലും എനിക്ക് ക..മാന്ന് അറിഞ്ഞുകൂടാ. എന്തുതുടങ്ങണം എങ്ങനെ തുടങ്ങണം എന്നോ എങ്ങനെ ചോദിച്ചുമുന്നേറണമെന്നോ അറിയില്ല. മാധവം എന്ന് പേരിട്ട തിരുവനന്തപുരത്തെ വീട്ടില്‍ തണുത്ത നാരങ്ങാ വെള്ളവും രണ്ട് ചെങ്കദളിപ്പഴങ്ങളും നല്‍കി അവര്‍ എന്നെ സ്വീകരിച്ചു. ഉപചാരങ്ങള്‍ കഴിഞ്ഞിട്ടും സംസാരം ലോകകാര്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. മോഹിനിയാട്ടത്തെക്കുറിച്ചും പുതിയ നൃത്ത ശില്‍പത്തെക്കുറിച്ചും പറഞ്ഞുതുടങ്ങിയപ്പോള്‍ അവര്‍ കടുത്ത മലയാളം പുറത്തെടുത്തു. അച്ചടിഭാഷയില്‍ അല്‍പം കടുത്ത ഗദ്യത്തിലായിരുന്നു അവരുടെ സംസാരം. രസം, ധ്വനി, ഭാവം എന്നിങ്ങനെ എനിക്ക് മനസ്സിലാവാത്ത ഏതൊക്കെയോ കാര്യങ്ങള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
അതിനിടയില്‍ വേണ്ടാതിരുന്നിട്ടും വലിയ രണ്ട് ചെങ്കദളിയും ഞാന്‍ തീര്‍ത്തു. എനിക്ക് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞാന്‍ ജോലി ചെയ്‌തിരുന്ന സെലിബ്രിറ്റി മാഗസിന് വേണ്ടിയിരുന്നത്- ഊഹിക്കാവുന്നതുപോലെ- അവരുടെ മേഖലയ്‌ക്ക് പുറത്തുള്ള ഇഷ്‌ടങ്ങളും മറ്റുമായിരുന്നു.
മോഹിനിയാട്ടത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും പറഞ്ഞിരുന്നാല്‍ ഞാന്‍ തെണ്ടിപ്പോവും. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും മോഹിനിയാട്ടത്തില്‍ നിന്ന് പുറത്തുകടന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ മോഹിനിയാട്ടത്തില്‍ ഹാസ്യാവിഷ്‌കരണത്തെക്കുറിച്ച് ഞാനൊരു ചോദ്യമങ്ങിട്ടു. അബദ്ധമായിപ്പോവുമോ എന്ന് ഒരു പേടിയുണ്ടായിരുന്നെങ്കിലും ഒരു ധൈര്യത്തിനങ്ങ് ചോദിച്ചു. ആ ചൂണ്ട ഒന്ന് നീട്ടിയിട്ട് നോക്കിയപ്പോള്‍ നീനാ പ്രസാദ് എന്ന ബോബനും മോളിയും ആരാധിക പുറത്തേക്ക് വന്നു. എനിക്ക് ആശ്വാസം.
ഒരുമണിക്കൂറിലധികം നീണ്ട സംസാരത്തിനിടയില്‍ രണ്ടുപേര്‍ക്കും പൊതുവായ ആദ്യത്തെ സംഗതി ബോബനും മോളിയും ആയിരുന്നു. മറ്റൊരു മാറ്റം കൂടി സംഭവിച്ചു, നീന പ്രസാദ് പൊടുന്നനെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. അതുവരെ കടുത്ത ഗദ്യമലയാളം സംസാരിച്ചിരുന്ന നീനാപ്രസദില്‍ നിന്ന് യഥാര്‍ത്ഥ തിരുവനന്തപുരത്തുകാരി പൊട്ടിച്ചിരിച്ചുകൊണ്ട് പുറത്തുവന്നു. ബോബനും മോളിയെയും കുറിച്ച് ഞങ്ങള്‍ കുറച്ചധികം നേരം സംസാരിച്ചു. രണ്ടുമണിക്കൂറിലധികം നീണ്ട സംസാരം പിന്നീടങ്ങോട്ട് കൂടുതല്‍ സൗഹൃദപൂര്‍ണവും ഊഷ്‌മളവുമായി.
-----
റ്റോംസിന്റെ ബോബനും മോളിക്കും അമ്പത് വയസ്സാവുന്നു എന്ന വാര്‍ത്തയാണ് ഈ സംഭവം ഓര്‍മ്മിപ്പിച്ചത്. മിമിക്രിയുഗം പിറക്കുന്നതിന് മുമ്പ് ചിരിയിലൂടെ സാമൂഹ്യവിമര്‍ശനം നടത്തിയ ബോബനും മോളിയും അരനൂറ്റാണ്ട് പിന്നിടുന്നു. (റ്റോംസിന്റെ ബോബനും മോളിയും എന്നത് അടിവരയിട്ടുതന്നെ വായിക്കണം. ബോബനേയും മോളിയെയും തട്ടിയെടുക്കാന്‍ മാത്തുക്കുട്ടിച്ചായനും മലയാളത്തിന്റെ സുപ്രഭാതവും നടത്തിയ വേലത്തരങ്ങള്‍ മറക്കാറായിട്ടില്ലല്ലോ.)
കടുത്ത രാഷ്‌ട്രീയ-ജീവിത വിമര്‍ശനങ്ങള്‍ നടത്തുന്ന ബോബനും മോളിക്കും കുട്ടനാടന്‍ മലയാളത്തെ ഭാഷയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു എന്ന ക്രെഡിറ്റുകൂടി അവകാശപ്പെടാം. എം ടി അടക്കമുള്ളവര്‍ കൊണ്ടുവന്ന വള്ളുവനാടന്‍ അധീശ/ആഢ്യഭാഷ സാഹിത്യവും അരങ്ങും മാധ്യമങ്ങളും അടക്കിവാഴുന്ന കാലത്താണ് നാട്ടുഭാഷയുടെ രൂക്ഷമായ സറ്റയര്‍ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ബോബനും മോളിയും പഞ്ചായത്ത് പ്രസിഡണ്ടും കൊച്ചമ്മയും കോണ്‍ട്രാക്‌ടറും ഒക്കെ നമ്മുടെ ഇടയില്‍ ജീവിച്ചത്, മലയാളികള്‍ക്ക് പ്രിയങ്കരമായതും. ബോബനും മോളിയും വിശദമായ സാമൂഹ്യപഠനങ്ങള്‍ അര്‍ഹിക്കുന്നു.
o ബോബനും മോളിയും ഫാന്‍സ് ക്ലബ്o വെബ് ലോകത്തില്‍ Labels: babanum moliyum, cartoon, kerala