കഴിഞ്ഞ വര്‍ഷം ഇതേ സമയം വാര്‍ത്തകളില്‍ നിറഞ്ഞത് മുല്ലപ്പെരിയാറിലെ വെള്ളം ഇഞ്ചോടിഞ്ച് ഉയര്‍ന്നുകയറുന്നതായിരുന്നു. ഡാമിപ്പോള്‍ പൊട്ടിത്തെറിക്കുന്നതും നാലുജില്ലകള്‍ വെള്ളത്തിലാവുന്നതും പ്രതീക്ഷിച്ച് കേരളം മനപ്പായസമുണ്ടു. കേരളസംസ്ഥാനത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ഉയരുന്ന വെള്ളക്കണക്കിന്റെ ലൈവ് റിപ്പോര്‍ട്ടുകള്‍ നിറഞ്ഞു. വെണ്ടയ്‌ക്ക എമ്പാടും നിരന്നു. ആഴ്‌ചകളോളം വാര്‍ത്തകളില്‍ മുല്ലപ്പെരിയാറിന്റെ ജലനിലവാരം ആയിരുന്നു.
ചാനലുകള്‍ മുല്ലപ്പെരിയാറില്‍ കുടില്‍ കെട്ടി താമസിച്ചു. നൂറ്റിമുപ്പത്തിയാറ്- സംശയിക്കേണ്ട 136 അടി തന്നെ- അടി ഉയരുന്നതോടെ എല്ലാം തകരുമെന്നായിരുന്നു ഭയം പടര്‍ത്തിയ വാര്‍ത്തകള്‍. സര്‍ക്കാര്‍ ചാനലായ കൈരളി ക്രിക്കറ്റ് ലൈവ് സ്‌കോര്‍ കാണിക്കുന്ന സൂക്ഷ്‌മതയോടെ ഡാമില്‍ ഉയരുന്ന വെള്ളത്തിന്റെ വിവരം അപ്പപ്പോള്‍ അറിയാനായി സ്‌ക്രീനില്‍ അത് ഇരുപത്തിനാല് മണിക്കൂറും പ്രദര്‍ശിപ്പിച്ചു.
നെഞ്ചത്തടിച്ച് കരഞ്ഞിട്ടും മന്ത്രിമാരും മുഖ്യമന്ത്രിയും പത്തിരുപത് എം പിമാരും ഒക്കെ നിലവിളിച്ചുകരഞ്ഞിട്ടും അന്ന് യാതൊരു പ്രയോജനവുമുണ്ടായില്ല. തമിഴ്‌നാട് ലേശം പോലും കനിഞ്ഞില്ല. കലൈഞ്‌ജര്‍ ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. കേരളം മുഴുവന്‍ ഒന്നടങ്കം താങ്ങുന്ന കേന്ദ്രവും പറഞ്ഞു, `ഞങ്ങള്‍ ഈ നാട്ടുകാരേയല്ല, ഇറ്റലിയില്‍ നിന്ന് ദാ..ഇപ്പോ വന്നിറങ്ങിയതേ ഉള്ളു.'
ഇന്ന് രാവിലെ മലയാളത്തിന്റെ സുപ്രഭാതം തുറന്നപ്പോള്‍ മൂന്നാംപേജില്‍ താഴെ രണ്ടുകോളത്തില്‍ ഒരു ചെറിയ വാര്‍ത്ത കണ്ടു. ``മുല്ലപ്പെരിയാര്‍ 136 അടി''. ടിവിയിലും ഇങ്ങനെ ഒരു വാര്‍ത്ത കണ്ടില്ലെന്നില്ല.
കഴിഞ്ഞവര്‍ഷത്തെ നൂറ്റിമുപ്പത്തിയാറ് തന്നെയാണോ ഈ വര്‍ഷത്തേതെന്ന് ഒരു ചിന്ന സംശയം. ആവാന്‍ വഴിയില്ല.
-----------------------------
മറ്റൊരു സംശയം കൂടി: പ്രജാക്ഷേമ തല്‍പരരായ സര്‍ക്കാരും മാധ്യമങ്ങളുമെല്ലാം മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തെക്കുറിച്ച് ഉല്‍ക്കണ്‌ഠപ്പെടുന്നത് ന്യായം. എന്നാല്‍ ഇതേ നാവുകൊണ്ട് നമ്മുടെ സ്വന്തം ഡാമുകളെക്കുറിച്ചുകൂടി പറയാത്തതെന്ത്? പ്രായം കൊണ്ട് മുല്ലപ്പെരിയാറിനെക്കാള്‍ ചെറുപ്പമെങ്കിലും ബലക്ഷയത്തിന്റെ കാര്യത്തില്‍ മുല്ലനെ വെല്ലുന്ന ഡാമുകള്‍ നമ്മുടെ സ്വന്തം ഖജനാവുവിഴുങ്ങികള്‍ എത്രയോ കെട്ടിപ്പൊക്കിയിരിക്കുന്നു.
തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി തന്നെ ഉദാഹരണം. മുല്ലപ്പെരിയാറിലെ ചോര്‍ച്ചയെപ്പറ്റി പറഞ്ഞ് വാതോരാത്തവര്‍ തൃശ്ശൂരില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര ചെയ്‌ത് ചിമ്മിനിവരെഒന്നുപോയി നോക്കണം എന്ന് അഭ്യര്‍ത്ഥന.

ചിമ്മിനി ഡാമിലെ ചോര്‍ച്ച. വേനല്‍ക്കാലത്ത്. (വെള്ളം നേര്‍ത്തൊഴുകുന്ന ഭാഗം പായല്‍പിടിച്ചിരിക്കുന്നു.) മഴക്കാലത്ത് ഈ ചോര്‍ച്ച ഗംഭീരമായിത്തന്നെ ആസ്വദിക്കാം. 
മഴക്കാലത്ത് ഡാമിന്റെ പുറം ഭിത്തിയിലൂടെ അസംഖ്യം ഫൗണ്ടനുകള്‍ കണ്ട് സഞ്ചാരികള്‍ക്ക് ആഹ്ലാദിക്കാം.
see some more pix from chimmony
here