ഇതുപോലൊരു കാട്ടില്‍
പണ്ട് ഞങ്ങടെ കാവില്‍ ഇതുപോലൊരാലുണ്ടായിരുന്നു. അതില്‍ മലമ്പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞ പോലെ നിറയെ കൂറ്റന്‍ വള്ളികളും. രാത്രിയിലാണ് യക്ഷികളും പ്രേതങ്ങളും വസൂരി വന്നു മരിച്ചുപോയ വെളിച്ചപ്പാടിന്റെ ചിലങ്കയും ആ വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്നത്. പകല്‍ മുഴുവന്‍ അത് ഞങ്ങള്‍ കുട്ടികള്‍ക്കുള്ളതാണ്. 
ആ വള്ളിയൂഞ്ഞാലുകള്‍ ഒരു ഉത്സവകാലത്ത് വെട്ടിയഴിച്ചിട്ടു; അഞ്ച് ആനകളെ ഒരുമിച്ച് എഴുന്നള്ളിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കമ്മിറ്റിക്കാര്‍ വേറെ വഴിയൊന്നും കണ്ടില്ല. കാവ് അമ്പലവും അമ്പലം ക്ഷേത്രവുമൊക്കെയായി. ഉത്സവങ്ങള്‍ പൂര്‍വാധികം ഭംഗിയായി. ആലിനു ചുറ്റും തറയായി. വള്ളികള്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമായി.
ഞങ്ങള്‍ കുട്ടികളല്ലാതായി.

പാവം യക്ഷികള്‍ ഇപ്പോള്‍ എന്തെടുക്കുകയാവും?
ചിത്രം: ചന്ദനക്കാടുകളുടെ മറയൂരില്‍ നിന്നും...വള്ളിയില്‍ ആടിത്തിമര്‍ക്കുന്ന ആ പയ്യനെക്കണ്ടപ്പോള്‍ അസൂയകൊണ്ടെനിക്ക് നില്‍ക്കാന്‍ വയ്യാതായി.