ഈന്തപ്പന
Saturday, September 15, 2007
  ചികുന്‍ ഗുനിയ പ്രവചിക്കപ്പെട്ടിരുന്നു, സുനാമിയും!!
ചികുന്‍ ഗുനിയയും സുനാമിയും സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദജി നേരത്തെ പ്രവചിച്ചിരുന്നു!! പക്ഷേ പതിവുപോലെ സര്‍ക്കാരിന്റെ കടുത്ത അനാസ്ഥമൂലം നൂറുകണക്കിനാളുകള്‍ക്ക്‌ ജീവനാശം സംഭവിച്ചു. ഇനിയെങ്കിലും സര്‍ക്കാരിന്‌ നല്ല ബുദ്ധി തോന്നിയെങ്കില്‍!!

ഇത്‌ കൊച്ചിയിലുടനീളം പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ്‌. പ്രവാചകന്‌ പ്രണാമം എന്ന തലക്കെട്ടോടെ ഇതേ പോസ്റ്ററിന്റെ വലിയ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളിലും നിറയെ ഉണ്ട്‌. ഗണേശോത്സവത്തിന്‌ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററിന്റെ താഴെയാണ്‌ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. സുനാമിയും ചികുന്‍ ഗുനിയയയും അടക്കം 55 പ്രവചനങ്ങള്‍ ഈ പ്രവാചകന്‍ നടത്തിയിട്ടുണ്ട്‌. സര്‍ക്കാരും പൊതുജനങ്ങളും ഇത്ര നാളായിട്ടും ഈ പ്രവചനങ്ങളൊന്നും തന്നെ അറിയാതിരുന്നത്‌ വലിയ മാനുഷിക ദുരന്തത്തിനാണ്‌ ഇടയാക്കിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഇനിയെങ്കിലും പൊതുജനശ്രദ്ധ ഇതിലേക്ക്‌ പതിയാനാണ്‌ ഹിമവല്‍ പ്രവാചകന്‍ കാശുമുടക്കി മള്‍ട്ടികളര്‍ പോസ്റ്ററുകള്‍ ഇറക്കിയി അവതാരവിവരം വെളിപ്പെടുത്തിയിരിക്കുന്നത്‌.

ചികുന്‍ ഗുനിയ പ്രവചിച്ച സ്വാമിജിക്ക്‌ അതിന്റെ മരുന്നും നിശ്ചയം കാണും. ശ്രീമതി. ശ്രീമതിടീച്ചര്‍ ഇനിയെങ്കിലും ഇദ്ദേഹത്തിന്‌ ചെവികൊടുക്കേണ്ടതാണ്‌.
വേഗം നടപടിയെടുത്തില്ലെങ്കില്‍ ഒരു പക്ഷേ സുനാമി ഭീതി നിരന്തരം അനുഭവിക്കുന്ന സുമാത്രാ ദ്വീപുകാരോ ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരോ ഇദ്ദേഹത്തെ പൊക്കിക്കൊണ്ടുപോവാന്‍ സാധ്യതയുണ്ട്‌. അവിടെ സുനാമി മുന്‍കൂട്ടി പ്രവചിക്കാന്‍ വര്‍ഷം തോറും കോടിക്കണക്കിന്‌ രൂപയാണ്‌ ഒരു പ്രയോജനവുമില്ലാത്ത ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വേണ്ടി ചെലവിടുന്നത്‌.
സ്വാമിജി അങ്ങോട്ട്‌ പോയാല്‍ ബി എം ഡബ്ല്യു ഫാക്‌ടറി നഷ്‌ടപ്പെട്ടതിനേക്കാള്‍ വലിയ ദുരന്തമായിരിക്കും കേരളത്തിന്‌ സംഭവിക്കാന്‍ പോകുന്നത്‌.
മറ്റൊന്നുകൂടി. അടിയന്തരമായി സ്വാമി ഹിമവല്‍ അദ്ദ്യേത്തിനെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌ കമ്മിറ്റിയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യണം. വരാനിരിക്കുന്നത്‌ വഴിയില്‍ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞേക്കും...
ആരെങ്കിലും കേള്‍ക്കുന്നുണ്ടോ, അവിടെ?
ഇതൊക്കെ കേള്‍ക്കാന്‍ ആര്‍ക്കാണ്‌ നേരം അല്ലേ, കലികാലം!! ശിവ ശിവ!!

എസ്‌ യു സി ഐ ക്കാരോട്‌: വെറുതെ ബക്കറ്റ്‌ പിരിവും പോസ്‌റ്ററൊട്ടിപ്പുമായി നടന്നാല്‍ വിപ്ലവം പോയിട്ട്‌ ഒരു സുനാമി പോലും ഈ വഴിക്ക്‌ വരില്ല. സംശയമുണ്ടെങ്കില്‍ സ്വാമിയോട്‌ ചോദിച്ചുനോക്ക്‌. വിപ്ലവം എന്ന്‌ ഇന്ത്യന്‍ തീരത്തടുക്കുമെന്ന്‌ നാളും തിയ്യതിയും സഹിതം ഹിമവല്‍ പാദാംബുജങ്ങളില്‍ കമിഴ്‌ന്നുകിടന്ന്‌ ചോദിച്ചാല്‍ പറഞ്ഞുതരും. അന്ന്‌ കൃത്യസമയത്ത്‌ കുളിച്ച്‌ നല്ല ഉടുപ്പുമിട്ട്‌ വിപ്ലവം വരുന്ന വഴിയിലിറങ്ങി നിന്നാല്‍ മതി. വെറുതെയെന്തിനാ അതുവരെ വെയിലും മഴയും കൊണ്ട്‌ ചര്‍മ്മഭംഗി കളയുന്നത്‌?
 
Comments:
:)
 
:)

ഈ സ്വാമിയെ വിശ്വസിക്കാനും കൂടെച്ചെല്ലാനും ഇഷ്ടം പോലെ ആളുണ്ടാകും. പറ്റിക്കപ്പെടാന്‍ കാത്തുനില്‍ക്കുകയല്ലേ ജനം. ഒന്നും കാണാതെ സ്വാമി ഫ്ലക്സ് അടിക്കുമോ?

ഒരു പക്ഷെ, ഈന്തപ്പന ഇങ്ങനെ ഒരു പോസ്റ്റിടും എന്നതും ഉറുമ്പ് തേങ്ങ അടിക്കും എന്നതും ഞാന്‍ ഇങ്ങനെ ഒരു കമന്റിടും എന്നതും സ്വാമി പ്രവചിച്ചുകാണും.
 
:(
 
നഷ്ടപ്പെട്ട പോസ്റ്ററുകളുടെ ഇടം കവരുന്നവ!!
 
നളന്‍ പറഞ്ഞതാണ്‌ ശരി, നഷ്ടപ്പെട്ട പോസ്‌റ്ററുകളുടെ ഇടം കവരുന്നത്‌ ഇത്തരം പുതിയ പ്രവാചകന്മാരാണ്‌. ഈയിടെ ആഭ്യന്തരമന്ത്രി സഭയില്‍ ഒരു ചോദ്യത്തിന്‌ ഉത്തരമായി പറഞ്ഞ ഒരു കാര്യം ഓര്‍മ്മിച്ചു. 'ആള്‍ദൈവങ്ങളുടെയും അവരുടെ സംഘടനകളുടെയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച്‌ സര്‍ക്കാരിന്‌ ഒന്നുമറിയില്ല' എന്ന്‌.
നമുക്ക്‌ ഒന്നുമറിയാതായിരിക്കുന്നു.
അവതാരങ്ങള്‍ തന്നെ ശരണം.
തേങ്ങയടിച്ച :) ഉറുമ്പിനും മൂര്‍ത്തിക്കും മുക്കുവനും നളനും നന്ദി.
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.