ഈന്തപ്പന
Friday, September 07, 2007
  ലൈംഗിക അരാജകത്വം: വനിതയുടെ ആകുലതകള്‍

മലയാളി വിദ്യാര്‍ത്ഥികളുടെ "ലൈംഗിക അരാജകത്വ"വും
'വനിത'യുടെ സദാചാര ആകുലതകളും
#
ഈയിടെ വനിതയില്‍ "സ്‌തോഭജനകമായ" ഒരു ഫീച്ചര്‍ വായിച്ചു। ഇരുത്തി വായിപ്പിക്കുന്ന മനോരമ ശൈലിയില്‍ "നിങ്ങളുടെ മക്കള്‍ക്ക്‌ ഇത്‌ സംഭവിക്കാതിരിക്കട്ടെ" എന്ന തലക്കെട്ടോടെ. കേരളത്തിന്‌ പുറത്തേക്ക്‌ ഉന്നതപഠനത്തിന്‌ പോകുന്ന വിദ്യാര്‍ത്ഥികളില്‍ ലൈംഗിക അരാജകത്വം കൂടുന്നുണ്ടോ എന്നതായിരുന്നു വനിത നടത്തിയ അന്വേഷണം।
കേരളത്തിന്‌ പുറത്ത്‌ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ക്കിടയില്‍ കോള്‍ഗേള്‍-ജിഗോള (?) സംസ്‌കാരം പെരുകുന്നു എന്നാണ്‌ വനിതയുടെ കണ്ടെത്തല്‍. ശരാശരി മലയാളി മാതാപിതാക്കളുടെ തലയില്‍ തീകോരിയിട്ടുകൊണ്ടാണ്‌ ഫീച്ചര്‍ മുന്നോട്ട്‌ പോകുന്നത്‌- കണ്ണാല്‍ കണ്ട പടിയുള്ള റിപ്പോര്‍ട്ടിങ്‌ ശൈലിയും അനാവശ്യമായ ആകുലതകള്‍ ഉയര്‍ത്തിവിടുന്ന സംഭവവിവരണങ്ങളും പതിവ്‌ വനിത-വീക്ക്‌ തെളിവുകളുമൊക്കെയാണ്‌ "അന്വേഷണ"ത്തിന്‌ ആധാരം. ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ, അതിന്റെ വിവരങ്ങള്‍ എന്തൊക്കെ, എത്ര വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട്‌ തെളിവെടുത്തു? എത്ര പേരുടെ സര്‍വ്വേ നടത്തി. ഏതെല്ലാം രേഖകളെയാണ്‌ ആശ്രയിച്ചത്‌.. തുടങ്ങി ഒരു അന്വേഷണത്തിന്‌ വേണ്ട പ്രാഥമികവും അടിസ്ഥാനപരവുമായ വിവരങ്ങള്‍ വെളിപ്പെടുത്താനോ അതിന്റെ സൂചനകള്‍ നല്‍കാനോ ഫീച്ചറോ വനിതയോ തയ്യാറാവുന്നില്ല. ഒന്നോ രണ്ടോ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വലിയ സത്യം കണ്ടെത്തിയെന്ന്‌ വിളിച്ചുകൂവുകയാണ്‌ വനിത ചെയ്യുന്നത്‌. ഉത്തരവാദിത്വമുള്ള ഒരൊറ്റ മാധ്യമവും ചെയ്യാന്‍ പാടില്ലാത്ത കൃത്യം. നൂറ്റാണ്ട്‌ പഴക്കമുള്ള മനോരമയുടെ ഈ വനിതാ പ്രസിദ്ധീകരണം ഇങ്ങനെയൊരു ഫീച്ചറുമായി ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതിന്‌ പിന്നില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ പുറത്ത്‌ പോവുന്ന വിദ്യാര്‍ത്ഥി-നി-കളുടെ വഴിതെറ്റിയുള്ള പോക്കിലുള്ള ആശങ്കയല്ല മറ്റുചില മുന്‍തൂക്കങ്ങളാണെന്ന്‌ ന്യായമായും സംശയം ഉണ്ടാവുന്നു.
വനിതയുടെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ്‌। 1। ഉന്നത വിദ്യാഭ്യാസത്തിനായി പുറത്ത്‌ -ബാംഗ്ലൂര്‍ ആണ്‌ പ്രധാന കേന്ദ്രം- പോവുന്ന മലയാളി വിദ്യാര്‍ത്ഥി-നി-കള്‍ ലൈംഗിക അരാജകത്വം ശീലിക്കുന്നു.
2। സ്റ്റഡി ടൂര്‍ എന്ന പേരില്‍ സെക്‌സ്‌ ടൂര്‍ നടത്തുന്നു 3। ബാംഗ്ലൂരിലേക്ക്‌ പോവുന്ന ബസുകളില്‍ ലൈംഗിക കേളികളാണ്‌ കുട്ടികള്‍ നടത്തുന്നത്‌। 4. ഇത്തരം ബസുകളില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കായി കിടപ്പറ പോലും വാടകയ്‌ക്ക്‌ കിട്ടും.
ദയവായി വനിത ഫീച്ചര്‍ വായിക്കുക.
കയ്യിലുള്ള ചില കണക്കുകള്‍ വെച്ച്‌ വനിത ചില കളികള്‍ കളിക്കുന്നുണ്ട്‌। വന്‍കിട സെക്‌സ്‌ ബിസിനസ്‌ കേരളത്തിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നുവെന്ന്‌ പറഞ്ഞിട്ട്‌ നമുക്ക്‌ നല്‍കുന്നത്‌ ഇന്ത്യയിലെ സെക്‌സ്‌ ടൂറിസം വ്യവസായത്തിന്റെ ലാഭക്കണക്കാണ്‌। നാല്‍പതിനായിരം കോടി രൂപയുടെ(?) സെക്‌സ്‌ ടൂറിസം ബിസിനസാണ്‌ ഇന്ത്യയില്‍ നടക്കുന്നത്‌। എന്ന്‌ പറയുന്നതിനൊപ്പം കേരളത്തില്‍ നിന്നും പുറത്തേക്ക്‌ പഠിക്കാന്‍ പോവുന്ന വിദ്യാര്‍ത്ഥികളെക്കാത്ത്‌ ഈ വന്‍ വ്യവസായം കാത്തിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുകയും ചെയ്യുന്നു। പോരെ പൂരം।കേരളത്തിന്‌ പുറത്തേക്ക്‌ പോകുന്ന വിദ്യാര്‍ത്ഥികളില്‍ ലൈംഗിക അരാജകത്വം വര്‍ദ്ധിക്കുന്നു എന്നതിന്‌ താങ്ങായി നല്‍കുന്ന വനിതയുടെ കണക്ക്‌ 2005ല്‍ നടത്തിയ ഒരു സര്‍വ്വേ റിപ്പോര്‍ട്ടാണ്‌। ഇന്ത്യയിലെ 69।8 ശതമാനം പേരും ആദ്യലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്‌ പതിനെട്ട്‌ വയസ്സിന്‌ മുന്‍പാണ്‌ എന്നാണ്‌ കണക്ക്‌। ഇതുപോലെ നിരവധി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌। ഇത്‌ ഒരു തരം വിശ്വാസ്യത ജനിപ്പിക്കലാണ്‌। പുറത്തുപോവുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ലൈംഗിക അരാജകത്വത്തിലേക്ക്‌ വഴുതുന്നു എന്ന്‌ ആദ്യമേ നിശ്ചയിച്ച കണ്ടെത്തലിലേക്ക്‌ എത്താന്‍ വ്യക്തമായ തെളിവുകളോ പഠനങ്ങളോ ഇല്ലാത്തതിനാല്‍ ഇന്ത്യ മുഴുവന്‍ നടത്തിയ ഒരു പഠനത്തിന്റെ കണക്കെടുത്ത്‌ ചേര്‍ത്ത്‌ കണ്ണില്‍ പൊടിയിടുന്ന മാധ്യമവിദ്യ। ആംചെയര്‍ ജേര്‍ണലിസം തെളിവുകള്‍ കൊണ്ട്‌ കളിക്കുന്നത്‌ ഇങ്ങനെയാണ്‌. (ലൈംഗിക ബന്ധവും ലൈംഗിക അരാജകത്വവും ഒന്നുതന്നെയാണ്‌ എന്നാണ്‌ വനിത വായിച്ചാല്‍ തോന്നുക. ) എഴുതപ്പെട്ടതിന്റെ സത്യത്തില്‍ ഇപ്പോഴും വിശ്വസിക്കുന്ന സാധാരണക്കാരെ അങ്കലാപ്പിലാക്കുന്ന ലൊടുക്കു മാധ്യമ തട്ടിപ്പാണിത്‌. പാനിക്‌ മോംഗറിങ്‌ (panic mongering) ഒരു നിഷ്‌കളങ്ക കൃത്യമല്ല പലപ്പോഴും. അതിന്‌ പിന്നില്‍ വലിയ വലിയ ആസൂത്രണവും ലക്ഷ്യവുമുണ്ടാവാറുണ്ട്‌. നമ്മുടെ കിണറുകളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ നിറഞ്ഞിരിക്കുന്നുവെന്ന ദുരന്തപ്രവചനം കുപ്പിവെള്ളത്തിലേക്കാണ്‌ നമ്മെ എത്തിച്ചത്‌്‌. പ്രമേഹം ഷുഗര്‍ ഫ്രീ പഞ്ചസാരയിലേക്കും. ഗോയിറ്റര്‍ അയഡിന്‍ ഉപ്പിലേക്കും. (കല്ലുപ്പു പോയ വഴി കാണാനില്ല. ഇപ്പോള്‍ അയഡിന്‍ ബുദ്ധി വര്‍ദ്ധിപ്പിക്കുമെന്ന്‌ നാമറിയുന്നു.) ഈ ഫീച്ചര്‍ ചെയ്യുമ്പോള്‍ വനിത തേടിയ എലിമെന്റുകള്‍ എന്താവാം എന്ന്‌ ദോഷൈക ദൃഷ്ടിയോടെത്തന്നെ ആലോചിച്ചുനോക്കി. 1. ഈ കഥയില്‍- അങ്ങനെത്തന്നെ പറയട്ടെ- മലയാളി മാതാപിതാക്കളെ- എല്ലാവിഭാഗം മലയാളികളേയും- ഒന്നടങ്കം ഞെട്ടിപ്പിക്കാന്‍ പോന്ന സെന്‍സേഷണ്‍ ഉണ്ട്‌. 2. എല്ലാവരേയും ഇക്കിളിപ്പെടുത്താന്‍ കഴിയുന്ന സെക്‌സിന്റെ ധാരാളിത്തം ഉണ്ട്‌. അത്‌ കഥയില്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഒറ്റത്തവണ വായിച്ചാല്‍ മനസ്സിലാകും. മറിയം റഷീദ (ചാരമായ ചാരക്കേസിലെ) കിടപ്പറയില്‍ ട്യൂണാ മത്സ്യം പോലെ പിടഞ്ഞു എന്ന്‌ കണ്ണാല്‍ കണ്ടപടി റിപ്പോര്‍ട്ട്‌ ചെയ്‌ത പത്രമാണ്‌ മനോരമ. സ്‌റ്റീരിയോടൈപ്പുകള്‍ നിര്‍മ്മിക്കുന്നതിലും നിലനിര്‍ത്തുന്നതിലും മാധ്യമങ്ങള്‍ക്കുള്ള അപലപനീയമായ പങ്ക്‌ വ്യക്തമാക്കുന്ന ഒരു ഫീച്ചര്‍ കൂടിയാണ്‌ ഇത്‌. ബാംഗ്ലൂരില്‍ പഠിക്കുന്ന/ജോലി ചെയ്യുന്നവര്‍ പ്രത്യേകിച്ച്‌ പെണ്‍കുട്ടികളെക്കുറിച്ച്‌ ഒരു സദാചാര സ്റ്റീരിയോടൈപ്പ്‌ നിര്‍മ്മിച്ച്‌ ഉള്ളില്‍ രസിക്കുന്ന മനസ്സുകൂടിയുണ്ട്‌ ഈ ഫീച്ചറിനുപിന്നില്‍. ഇതിനൊക്കെ പുറമെ അവരുടെ അന്വേഷണം കേന്ദ്രീകരിക്കുന്നത്‌ ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിന്‌ പുറത്ത്‌ പോകുന്ന വിദ്യാര്‍ത്ഥി/നികള്‍ ആണെന്നത്‌ കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമാവുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക്‌ പോവുന്നത്‌ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ചേരുന്നതിനാണ്‌. (സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍.) സ്വാശ്രയ പ്രശ്‌നത്തിന്റെ ഊരാക്കുടുക്കുകളില്‍ പെട്ട്‌ അഡ്‌മിഷന്‍ അനിശ്ചിതത്വത്തിലായ കേരളത്തില്‍ നിന്ന്‌ പുറത്തേക്ക്‌ ഒഴുകാന്‍ നില്‍ക്കുന്ന വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെ എക്കാലത്തേക്കും കേരളത്തിലെ കോഴക്കോളെജുകളില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ഒരു ആസൂത്രണവൈദഗ്‌ധ്യം ഈ ഫീച്ചറിന്‌ പുറകില്‍ നിഴലിക്കുന്നുണ്ടെന്നാണ്‌ എന്റെ ബലമായ സംശയം. പുറമെയുള്ള സ്വാശ്രയ കോളെജുകളിലേക്കൊഴുകുന്ന പണം കേരളത്തിലെ കോഴക്കോളെജുകളില്‍ തന്നെ നിലനിര്‍ത്താനുള്ള മഹത്തായ ശ്രമത്തിന്‌ ഒരു എളിയ മാധ്യമ പിന്തുണ. വനിതയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നതില്‍ ക്ഷമാപണത്തോടെ.
 
Comments:
‘വനിത‘യുടെ പ്രസ്തുത റിപോര്‍ട്ട് ഉപരിപ്ലവമാണ്; കോളേജ് പ്രായത്തിലൊന്നും കുട്ടികള്‍ക്കു ഇത്ര ചീപാവാന്‍ പറ്റില്ല. ‘വനിത’ അന്വേഷണം അതിഗംഭീരം; ഈ ദ്വൈവാരിക യുടെ പേരു മാറ്റുന്നതാ നല്ലത്. മലയാളി വിദ്യാര്‍ത്ഥി സമൂഹത്തിനു തന്നെ തീരാകളങ്കമാണു ഈ’വനിത‘.

ഓ:ടോ: ബാങ്ക്ലൂരിളുള്ള ബൂലോകരില്‍ നിന്നും ഇവ്വിഷയകമായി പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.
 
ഈന്തപ്പനയുടെ ഊഹം ഒരു പരിധി വരെ ശരിയാണെന്നു തോന്നുന്നു. ഒട്ടേറെ ഹിഡന്‍ അജന്‍ഡകള്‍ മാ‍ധ്യമങ്ങളെ നിയന്തിക്കുന്നു എന്നു കരുതണം.
“എല്ലാമൊരു ബിസിനസ്സല്ലേ അച്ചായാ“
 
ആ ഫീച്ചര്‍ ഞാന്‍ വായിച്ചിരുന്നു. ഈന്തപ്പനയുടെ സംശയങ്ങള്‍ എനിക്കുംതോന്നിയിരുന്നു. സാധാരണ വായനക്കാര്‍ ഇതില്‍ വീണുപോകും സംശയമില്ല. കാരണം ഇപ്പോഴത്തെ ആണ്‍-പെണ്‍കുട്ടികളില്‍ ഏറിയപങ്കും കൂടുതല്‍ സ്വാതന്ത്യ്രത്തോടെ അടുത്തിടപഴകുന്നു. ചിലതെല്ലാം ജുഗുപ്സാവഹമാണുതാനും. ഇതെല്ലാം കാണുന്ന വായനക്കാരന് വനിത യിലെ ഫീച്ചര്‍ ധാരാളം
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.